തിരുവനന്തപുരം: വ്യവസായി ബിജു രമേശിന്റെ മകള്‍ മേഘ ബി. രമേശും മുന്‍മന്ത്രി അടൂര്‍പ്രകാശിന്റെ മകന് അജയകൃഷ്ണനും തമ്മിലുള്ള വിവാഹത്തിനായി തിരുവനന്തപുരം രാജധാനി ഗാര്‍ഡന്‍സില്‍ രാജകീയ മണ്ഡപം ഒരുങ്ങി. മൈസൂര്‍ പാലസിന്റെ മാതൃകയിലാണ് ഇവിടേയ്ക്കുള്ള കവാടം.
ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമായ ഡല്‍ഹിയിലെ അക്ഷര്‍ത്ഥാം ക്ഷേത്രത്തിന്റെ മാതൃകയിലാണ് വധൂവരന്മാര് ഇരിയ്ക്കുന്ന വേദി പണി കഴിപ്പിക്കുന്നത്. കലാസംവിധായകരായ ശബരീഷ്, ഷാജി എന്നിവരാണ് പന്തലിന്റെ നിര്‍മ്മാണത്തിനു മേല്‍നോട്ടം വഹിക്കുന്നത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം അഞ്ഞൂറോളം തൊഴിലാളികളാണ് കഴിഞ്ഞ ഒരു മാസമായി പന്തലിന്റെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കേരളത്തിലെ പ്രമുഖര്‍ക്ക് പുറമേ തമിഴ്നാട് ധനമന്ത്രി ഒ. പനീര്‍സെല്‍വം, തദ്ദേശമന്ത്രി എസ്.പി വേലുമണി അടക്കം അമ്പതോളം തമിഴ്നാട് ജനപ്രതിനിധികള്‍ വിവാഹത്തില്‍ പങ്കെടുക്കാനെത്തും. ഇവരുടെ സുരക്ഷ ഒരുക്കാനുള്ള കമാന്‍ഡോ സംഘം തലസ്ഥാനത്തെത്തും.
പ്രശസ്ത സംഗീതജ്ഞരായ ശ്വേതാ മോഹന്‍, സുന്ദര്‍ രാജ് എന്നിവരുടെ മ്യൂസിക് ഫ്യൂഷന്‍, താണ്ഡവ് സംഘത്തിന്റെ നൃത്തപരിപാടി ഉള്‍പ്പെടെയുള്ള നിരവധി കലാപരിപാടികളും വിവാഹത്തിന് കൊഴുപ്പേകും.
20,000 പേര്‍ക്കു വിവാഹ ചടങ്ങുകള്‍ കാണാന്‍ കഴിയുന്ന തരത്തിലാണ് പന്തലിന്റെ ക്രമീകരണം. ആറായിരം പേര്‍ക്കു ഒരേസമയം ഭക്ഷണം കഴിയ്ക്കാന്‍ കഴിയുന്ന തരത്തിലുള്ള ഭക്ഷണശാല. നൂറിലേറെ വിഭവങ്ങള്‍…എന്നിങ്ങനെ നീളുന്നു സജീകരണങ്ങള്‍. ജര്‍മ്മനിയില്‍ നിന്നെത്തുന്ന സംഘമാണ് ചിക്കന്‍ ബിരിയാണി ഉള്‍പ്പെടെയുള്ള 15 ഓളം ഭക്ഷണ വിഭവങ്ങള്‍ തത്സമയം തയ്യാറാക്കുന്നത്. വൈകിട്ട് ആറിനും ആറരയ്ക്കും ഇടയിലാണ് വിവാഹ മുഹൂര്‍ത്തം എന്ന പ്രത്യേകതയും ഉണ്ട്.
-പി. ഹര്‍ഷകുമാര്‍