ചെന്നൈ: എ.ഐ.ഡി.എം.കെയുടെ പുതിയ ജനറല്‍ സെക്രട്ടറിയായി അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ തെരഞ്ഞെടുത്തു. ചെന്നൈയില്‍ നടന്ന പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. ജയലളിതയ്ക്ക് ഭാരതരത്ന നല്‍കണം, ജയലളിതയുടെ പിറന്നാള്‍ ദിവസം ദേശീയ കര്‍ഷക ദിനമായി പ്രഖ്യാപിക്കണം, പാര്‍ലമെന്റില്‍ ജയലളിതയുടെ വെങ്കല പ്രതിമ സ്ഥാപിക്കണം ജയലളിതയ്ക്ക് മാഗ്സസെ അവാര്‍ഡ്, സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം എന്നിവ നല്‍കണം മുതലായ ആവശ്യങ്ങളും ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പാസാക്കി.
വ്യാഴാഴ്ച്ച രാവിലെ ഒമ്പതരയ്ക്കാണ് യോഗം ചേര്‍ന്നത്. ശശികല പുതിയ സെക്രട്ടറിയാകുന്നതിനെ ചോദ്യം ചെയ്ത് പാര്‍ട്ടി വിമത ശശികല പുഷ്പ എംപി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഒപ്പം ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു തന്നെ പരിഗണിക്കണമെന്നും പാര്‍ട്ടിയില്‍നിന്ന് പുറത്താക്കപ്പെട്ട ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ അവഗണിച്ചാണ് പുതിയ തീരുമാനം.