ന്യൂഡല്‍ഹി: എടിഎമ്മിന് മുന്നിലെ ക്യൂ നോക്കി മോഡിയെ കുറ്റപ്പെടുത്തിയ 45 കാരനെ ജനക്കൂട്ടം ആക്രമിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലാണ് സംഭവം. ലല്ലന്‍ സിംഗ് കുശ്വാഹ എന്നയാളാണ് ആക്രമിക്കപ്പെട്ടത്.
എടിഎമ്മിന് മുന്നിലെ നീണ്ട ക്യു കണ്ട് ഇതിന് കാരണം നരേന്ദ്രമോഡിയാണെന്ന് ഇയാള്‍ പറഞ്ഞു. തൊട്ടു പിന്നാലെ നാട്ടുകാര്‍ കൂട്ടത്തല്ല് തുടങ്ങുകയായിരുന്നു. ഡിസംബര്‍ 15 ന് പുതിയ ടെലിവിഷനും വാങ്ങി വീട്ടിലേക്ക് പോകുമ്പോഴാണ് എടിഎമ്മിന് മുന്നില്‍ നീണ്ട ക്യൂ ശ്രദ്ധയില്‍ പെട്ടത്. ഇതിന് മോഡിയെ കുറ്റപ്പെടുത്തിയതിന് തൊട്ടുപിന്നാലെ ആതിക് എന്നൊരാള്‍ ജനക്കൂട്ടത്തിനിടയില്‍ നിന്നും എത്തി ലല്ലന്‍ സിംഗിനെ മര്‍ദ്ദിക്കുകയായിരുന്നു.
ക്യൂവില്‍ നിന്ന് ജനങ്ങള്‍ വിഷമിക്കുന്നത് കണ്ടാണ് ധന നിയന്ത്രണത്തെ വിമര്‍ശിച്ചത്. എന്നാല്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് സമീപം നില്‍ക്കുകയായിരുന്ന ഒരാള്‍ എത്തി മോശം വാക്കുകള്‍ കൊണ്ട് അപമാനിച്ചതിന് പിന്നാലെ കാര്യം പോലും തിരക്കാതെ മറ്റുള്ളവര്‍ ആക്രമിക്കുകയായിരുന്നു.
‘പ്രധാനമന്ത്രിയെ വിമര്‍ശിക്കാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെടാ’ എന്ന് ചോദിച്ചു കൊണ്ടായിരുന്നു മര്‍ദ്ദനം. ഇയാള്‍ക്കൊപ്പം മറ്റുള്ളവരും കൂടി.
ആള്‍ക്കൂട്ടം ആക്രമിക്കുന്നതിനിടയില്‍ തന്റെ കയ്യില്‍ നിന്നും 6,000 രൂപ മോഷണം പോയതായും ലല്ലന്‍ സിംഗ് പരാതിപ്പെട്ടിട്ടുണ്ട്.