കൊച്ചി: സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 32 ശതമാനം പേരും മാനസിക പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഒരുതവണയെങ്കിലും ആത്മഹത്യയ്ക്ക് ശ്രമിച്ചവരാണെന്ന് സര്‍വേഫലം. ഭിന്നലിംഗക്കാര്‍ക്ക് വിദ്യാഭാസം നല്‍കുന്നതിനുള്ള പദ്ധതിക്കായി സംസ്ഥാന സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച ‘ട്രാന്‍സ്ജന്‍ഡേഴ്‌സ്: വെല്ലുവിളികളും അതിജീവനവും’ എന്ന സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സര്‍വേ ഫലത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ. സംസ്ഥാനത്തെ ഭിന്നലിംഗക്കാരില്‍ 34 ശതമാനവും പ്രതിമാസം 3000 രൂപയില്‍ മാത്രം വരുമാനമുള്ളവരാണ്. 11 ശതമാനത്തിന് മാത്രമാണ് സ്ഥിവമായി ജോലിയുള്ളത്. 60 ശതമാനം പേര്‍ സ്‌കൂള്‍ വിദ്യാഭ്യാസം പാതിവഴിയില്‍ ഉപേക്ഷിച്ചവരാണ്. 7 ശതമാനത്തിന് എഴുതുവാനോ വായിക്കുവാനോ അറിയില്ല. 6 ശതമാനം ഭിന്നലിംഗക്കാര്‍ക്ക മാത്രമാണ് ബിരുദ യോഗ്യതയുള്ളത്.
കുടുംബം, പഠിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പോലീസ് തുടങ്ങിയവയില്‍നിന്നും പീഡനം ഏറ്റുവാങ്ങേണ്ടിവന്നവരാണ് ഇതില്‍ കൂടുതല്‍. 99 ശതമാനത്തിന് സ്വന്തമായി ഭൂമിയോ വീടോ ഇല്ല. ലിംഗ സ്വഭാവം വെളിപ്പെടുത്തിയതോടെ ജോലി നഷ്ടമായവരും ഏറെ. ശസ്ത്രക്രീയയ്ക്ക് വിധേയമായവരില്‍ ഒരു ശതമാനം മാത്രമാണ് വിവാഹ ജീവിതം നയിക്കുന്നത്. സമൂഹത്തില്‍ നേരിടുന്ന പീഡനങ്ങള്‍ ഇക്കൂട്ടരില്‍ 96 ശതമാനവും പുറത്തുപറയാറില്ല. കണക്കു പ്രകാരം 25,000 ഭിന്നലിംഗക്കാരാണ് സംസ്ഥാനത്തുള്ളത്. സര്‍ക്കാര്‍ ജോലിയില്‍ ഭിന്നലിംഗക്കാര്‍ക്ക് സംവരണം വേണമെന്നും സെമിനാറില്‍ ആവശ്യമുയര്‍ന്നു.