ട്രെയിന്‍ സെല്‍ഫിയുടെ വേദിയല്ല: അപകടങ്ങള്‍ ഒഴിവാക്കാന്‍ കടുത്ത നിയമങ്ങള്‍ വരുന്നു

ചെന്നൈ: ട്രെയിനിലും പ്ലാറ്റ്ഫോമിലും സുരക്ഷിതമല്ലാതെനിന്ന് സെല്‍ഫി എടുക്കുന്നതും അപകടകരമാം വിധം ട്രെയിനില്‍ യാത്രചെയ്യുന്നതും കുറ്റകരമാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ റയില്‍വേ ആക്ട്, ഇന്ത്യന്‍ ശിക്ഷ നിയമ പ്രകാരം നടപടികള്‍ സ്വീകരിക്കും.

ട്രെയിനിന്റെ മുകള്‍ഭാഗം, ചവിട്ടു പടി, എഞ്ചിന്‍ എന്നിവിടങ്ങളില്‍ യാത്ര ചെയ്യുന്നതും സെല്‍ഫി എടുക്കുന്നതും ശിക്ഷാര്‍ഹമാണ്. പിടിക്കപ്പെടുന്നവര്‍ക്ക് ഇനി പിഴയും തടവും അനുഭവിക്കേണ്ടി വരും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ചെന്നൈയില്‍ മാത്രം ട്രെയിനില്‍ സെല്‍ഫി എടുക്കാനുള്ള ശ്രമത്തിനിടെ കൊല്ലപ്പെട്ടത് 614 പേരാണ്. എന്നാല്‍ സുരക്ഷിതമായ സാഹചര്യത്തില്‍ സെല്‍ഫി എടുക്കുന്നത് പ്രശ്നമില്ലെന്നും റയില്‍വേ പറയുന്നു.

കഴിഞ്ഞ ദിവസം ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ തല പോസ്റ്റില്‍ ഇടിച്ച് യുവാവ് കൊല്ലപ്പെട്ടതാണ് പുതിയ നടപടികളും നിയമവും കര്‍ശനമാക്കാന്‍ കാരണം.