ചെരുപ്പ് നന്നാക്കാന്‍ തെരുവിലിറങ്ങി സ്മൃതി ഇറാനി; ചെരുപ്പ് കുത്തിക്ക് നൂറ് രൂപ പ്രതിഫലം നല്‍കി

ചെരുപ്പ് നന്നാക്കാന്‍ തെരുവിലിറങ്ങി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ജോലിക്ക് പത്ത് രൂപ പ്രതിഫലം ചോദിച്ച തൊഴിലാളിക്ക് നൂറ് രൂപ കൂലി നല്‍കുകയും ചെയ്തു. കോയമ്പത്തൂരില്‍ ഇഷ ഫൗണ്ടേഷന്റെ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. തൊഴിലാളിക്ക് അധിക കൂലി നല്‍കിയ മന്ത്രിയുടെ നടപടിക്ക് സോഷ്യല്‍ മീഡിയയില്‍ നിറയെ അഭിനന്ദനമാണ് ലഭിക്കുന്നത്.

വിമാനത്തില്‍ നിന്ന് ഇറങ്ങുന്ന വഴിക്കാണ് സ്മൃതിയുടെ ചെരുപ്പിന്റെ വള്ളി പൊട്ടിയത്. തുടര്‍ന്ന് പരിപാടി നടക്കുന്ന പേരൂരിലെ വേദിയിലേക്കുള്ള യാത്രാമദ്ധ്യേ വഴിയരുകില്‍ ചെരുപ്പ് നന്നാക്കുന്ന ഒരു തൊഴിലാളിയെ സമീപിക്കുകയായിരുന്നു.

ചെരുപ്പ് നന്നാക്കുന്ന സമയമത്രയും സമീപത്തെ സ്റ്റൂളില്‍ ഇരുന്ന മന്ത്രി തുന്നലിന് നൂറ് രൂപ നല്‍കിയ ശേഷം ബാക്കി വേണ്ടന്നും നൂറ് രൂപ വച്ചോളാനും അയോളോട് പറഞ്ഞു. തൊഴിലാളിയുടെ പണപ്പെട്ടിയിലേക്ക് പണം നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ അധികം തുക വാങ്ങിയതിനാല്‍ ചെരുപ്പ് കുറച്ച് മിനുക്ക് പണികള്‍ കൂടി നടത്തിയ ശേഷമാണ് അയാള്‍ തിരികെ നല്‍കിയത്.