ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നാം ടെസ്റ്റില്‍ നിന്നും ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ പുറത്ത്. രണ്ടാം ടെസ്റ്റില്‍ തുടയെല്ലിന് ഏറ്റ പരിക്കാണ് സാഹയ്ക്ക് വിനയായത്. മുന്‍ ഇന്ത്യന്‍ താരവും ഗുജറാത്ത് വിക്കറ്റ് കീപ്പറുമായ പാര്‍ത്ഥീവ് പട്ടേലാണ് സാഹയ്ക്ക് പകരം ടീമില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ഈ മാസം 26ന് മൊഹാലിയില്‍ വെച്ചാണ് മൂന്നാം ടെസ്റ്റ് തുടങ്ങുക.
കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന മൂന്ന് മത്സരത്തിലേക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ സാഹയെ ടീമില്‍ നിലനിര്‍ത്തിയിരുന്നു. ഇതോടെ പരിക്ക് മാറി നാലാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്താനുളള അവസരവും സാഹയ്ക്ക് ടീം അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെയുളള അവസാന മൂന്ന് ടെസ്റ്റിനുളള ഇന്ത്യന്‍ ടീമില്‍ ഗൗതം ഗംഭീറിനെ ടീമില്‍ നിന്നും ഒഴിവാക്കി. ഭുവനേശ്വര്‍ കുമാര്‍ ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
എട്ട് വര്‍ത്തിന് ശേഷമാണ് പാര്‍ത്ഥീവ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2008ലാണ് പാര്‍ത്ഥീവ് അവസാനമായി ഇന്ത്യന്‍ ടെസ്റ്റ് ടീം ജഴ്‌സി അണിയുന്നത്. ഗുജറാത്തിന് വേണ്ടി രഞ്ജി ട്രോഫിയില്‍ പാഡണിയുന്നതിനിടെയാണ് പാര്‍ത്ഥീവിനെ തേടി ഈ സന്തോഷ വാര്‍ത്ത എത്തിയിരിക്കുന്നത്. മധ്യപ്രദേശിനെതിരെ കഴിഞ്ഞ രഞ്ജി മത്സരത്തില്‍ പാര്‍ത്ഥീവ് നേടിയ സെഞ്ച്വറി ഇന്ത്യന്‍ ടീമിലേക്കുളള അദ്ദേഹത്തിന്റെ തിരിച്ചുവരവിന് ആക്കം കൂട്ടി.