ഒര്‍ജിനലിനെ വെല്ലുന്ന വ്യാജ ആപ്പിള്‍ ഫോണുകള്‍ കേരളത്തില്‍ വ്യാപകമാകുന്നു

വ്യാജ ആപ്പിള്‍ ഫോണുകള്‍ കേരളത്തില്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. രണ്ടു തരം വ്യാജ ഐഫോണുകളാണ് പൊതുവെ വിപണിയിലിറങ്ങുന്നത്. പൂര്‍ണമായും വ്യാജന്‍. അതായത് കണ്ടാല്‍ യഥാര്‍ഥ ഫോണെന്നു തോന്നിപ്പിക്കുന്ന ചൈനീസ് നിര്‍മിത ആപ്പിളുകള്‍. രണ്ട് റീഫര്‍ബിഷ്ഡ് ഒറിജിനല്‍ ഫോണുകള്‍. ഈ വ്യാജഫോണുകളുടെ നിര്‍മ്മാണം കൊറിയയിലാണെന്നാണ് റിപ്പോര്‍ട്ട്. വിദഗ്ധര്‍ക്കു പോലും പെട്ടെന്നു തിരിച്ചറിയാന്‍ സാധിക്കാത്തത്ര രൂപസാദൃശ്യമാണ് ഈ ഫോണുകള്‍ക്ക്.

അര ലക്ഷം രൂപയിലധികം വില വരുന്ന ഫോണുകള്‍ യഥാര്‍ഥമാണോ വ്യാജമാണോ എന്നറിയാന്‍ സാധിക്കില്ല. യഥാര്‍ഥ ഫോണെന്നു കരുതി വാങ്ങി ഉപയോഗിക്കുന്നവര്‍ എന്തെങ്കിലും തകരാറുണ്ടാകുമ്പോഴാണ് വഞ്ചിക്കപ്പെട്ടെന്ന യാഥാര്‍ഥ്യം മനസ്സിലാക്കുന്നത്. സിക്സ് എസ് 64 ജി ബിക്ക് വില 15,000 രൂപ മുതല്‍ മുകളിലേക്കാണ്. യഥാര്‍ഥ ഫോണുമായി താരതമ്യം ചെയ്താല്‍പ്പോലും ഏതാണു വ്യാജന്‍ എന്നറിയുക സാധാരണക്കാരനു സാധിക്കില്ല. ഓണാക്കിയാലും അതേ ആപ്പിള്‍ ഇന്റര്‍ഫേയ്സ് തന്നെ. എന്നാല്‍ ഒഎസ് ചിലപ്പോള്‍ ആന്‍ഡ്രോയിഡായിരിക്കും. അതും ഒരു സാധാരണ ഉപഭോക്താവിന് മനസ്സിലാക്കാന്‍ പോലും സാധ്യമല്ല.

ഫോണുകള്‍ക്ക് ഐഎംഇഐ നമ്പരും യഥാര്‍ഥ ഫോണുകള്‍ക്കു മാത്രമുള്ള ആപ്പിള്‍ സീരിയല്‍ നമ്പരുമൊക്കെയുണ്ട്. ആപ്പിള്‍ സര്‍വീസ് പേജില്‍ പോയി പരിശോധിച്ചാല്‍ യഥാര്‍ഥ ഫോണിനു സമാനമായ വിശദ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യും. ഒറിജിനല്‍ ഫോണല്ലെങ്കില്‍ ഈ വിവരങ്ങള്‍ ലഭിക്കില്ലെന്നാണ് ആപ്പിള്‍ വെബ് സൈറ്റ് പറയുന്നത്. വാറന്റി കാലഘട്ടത്തില്‍ എന്തെങ്കിലും തകരാറുണ്ടായാല്‍ മാത്രമേ പ്രശ്നമുള്ളു. എന്നാല്‍ ഫോണ്‍ താഴെ വീണെന്നോ ഈര്‍പ്പം കയറിയെന്നോ പറഞ്ഞ് വളരെയെളുപ്പം വാറന്റി തള്ളി വിടാന്‍ ആപ്പിള്‍ കെയര്‍ സെന്ററുകള്‍ക്കു സാധിക്കും. സാധാരണ അതാണ് പതിവ്. 25000 രൂപ നല്‍കിയാല്‍ ഇത്തരത്തില്‍ തകരാറുണ്ടായ ഐഫോണ്‍ സിക്സ് എസ് ഫോണുകള്‍ മാറി പകരം മറ്റൊരു ഫോണ്‍ തരും. ഇവ പുതിയതാണോ റീഫര്‍ബീഷ് ചെയ്തതാണോ എന്നറിവില്ല.