ന്യൂഡല്‍ഹി: 500, 1000 നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി സാധാരണക്കാരെ കൂടാതെ ബാങ്ക് ഉദ്യോഗസ്ഥരെയും പ്രതികൂലമായി ബാധിച്ചതിന്റെ കൂടുതല്‍ കണക്കുകള്‍ പുറത്ത്. പണം മാറാന്‍ ക്യൂവില്‍ നില്‍ക്കവെ ജീവന്‍ വെടിഞ്ഞ സാധാരണക്കാരുടെ മരണ വാര്‍ത്തകള്‍ ദിനം പ്രതി കൂടിവരുമ്പോള്‍ ജോലിഭാരം മൂലം ജീവന്‍ നഷ്ടപ്പെട്ട ബാങ്ക് ജീവനക്കാരുടെ കണക്കൂകള്‍ കൂടിയാണ് പുറത്തുവരുന്നത്. എന്നാല്‍ ഇതിനിടയില്‍ ജോലിയുടെ സമ്മര്‍ദ്ദം കാരണം ബാങ്ക് ഉദ്യോഗസ്ഥരും മരണപ്പെടുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓള്‍ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി. തോമസ് ഫ്രാങ്കോയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. കഴിഞ്ഞ രണ്ടാഴ്ച വിശ്രമമില്ലാതെ ജോലചെയ്തതാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ മരണത്തിന് ഇടയാക്കിയത്. വെള്ളിയാഴ്ച ആന്ധ്രയിലെ നെല്ലൂരിലാണ് ഏറ്റവും അവസാനത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. എസ്.ബി.ഐ ജീവനക്കാരനായ 46കാരനാണ് ആളുകളുടെ തിരക്കിനെ തുടര്‍ന്നുണ്ടായ സമ്മര്‍ദ്ദം മൂലം മരിച്ചത്. 12 ദിവസങ്ങള്‍ക്കുള്ളിലാണ് 11 ബാങ്ക് ജീവനക്കാര്‍ കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥിതി ദുരതപൂര്‍ണമാക്കിയ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ രാജിവെക്കണമെന്ന് ഫ്രാങ്കോ ആവശ്യപ്പെട്ടു.