ശീതീകരിച്ച മുറിയിലിരുന്ന് ബ്‌ളോഗ് എഴുതുന്നവര്‍ അറിഞ്ഞോ ബാങ്കില്‍ ക്യൂനിന്ന ഈ പിതാവിനുണ്ടായ നഷ്ടം

ലക്‌നൗ: പഴയനോട്ട് മാറ്റിവാങ്ങാന്‍ താമസം നേരിട്ടതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശില്‍ മൂന്നു വയസുകാരി ചികിത്സ ലഭിക്കാതെ മരിച്ചു. നോട്ടുമാറാന്‍ പിതാവ് ബാങ്കിന് മുമ്പില്‍ ക്യൂ നില്‍ക്കുന്നതിന് ഇടയിലാണ് സംഭവം. ലക്‌നൗ സ്വദേശി ധര്‍മേന്ദ്രയ്ക്കാണ് മകളെ നഷ്ടമായത്.
പനിമൂലമാണ് ധര്‍മേന്ദ്ര മകളെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയില്‍ ചികിത്സ ലഭ്യമായെങ്കിലും പനി കുറഞ്ഞില്ല. ഇതോടെ കുട്ടിയെ കൂടുതല്‍ സൗകര്യമുള്ള മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു.

എന്നാല്‍ മകള്‍ക്ക് മുന്തിയ ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കുന്നതിന് ധര്‍മേന്ദ്രയുടെ പക്കല്‍ പുതിയ നോട്ടുകള്‍ ഉണ്ടായിരുന്നില്ല. തന്റെ സമ്പാദ്യമായ പഴയ നോട്ടുകളുമായി ബാങ്കല്‍ മൂന്നുദിവസം ക്യൂ നിന്നെങ്കിലും പണം മാറ്റിവാങ്ങാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറയുന്നു.

പാസ്ബുക്ക് പരിശോധിക്കാനോ ടോക്കണ്‍ നല്‍കുന്നതിനോ മൂന്ന് ദിവസവും ബാങ്ക് തയ്യാറായില്ല. മകളുടെ ചികിത്സാ ചിലവിനാണെന്ന് അറിയിച്ചിട്ടും അവഗണനയായിരുന്നു ഫലം. തുടര്‍ന്നും ക്യൂവില്‍ നില്‍ക്കുന്നതിന് ഇടയിലാണ് ഇയാള്‍ മകളുടെ മരണവാര്‍ത്ത അറിയുന്നത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി.