സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയില്‍ പതിനേഴുകാരി കുഞ്ഞിന് ജന്മം നല്‍കിയ സംഭവത്തിന് പിന്നാലെ കുട്ടിയുടെ പിതാവ് പന്ത്രണ്ടുകാരനാണെന്ന പെണ്‍കുട്ടിയുടെ പരാതിയെക്കുറിച്ച് മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെയുള്ള കൂടുതല്‍ അന്വേഷണങ്ങള്‍ വേണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ഗര്‍ഭത്തിന് ഉത്തരവാദിയായ വ്യക്തിയെ രക്ഷിക്കുന്നതിനു വേണ്ടിയാണോ പെണ്‍കുട്ടി പന്ത്രണ്ടുകാരനെതിരെ ആരോപണം ഉന്നയിക്കുന്നതെന്നു സംശയിക്കാവുന്ന സാഹചര്യമുണ്ടെന്നും കമ്മിഷന്‍ ആക്റ്റിംഗ് ചെയര്‍പഴ്സന്‍ പി. മോഹനദാസ് നടപടിക്രമത്തില്‍ നിരീക്ഷിച്ചു. ആരുടെയെങ്കിലും സമ്മര്‍ദ്ദ ഫലമായാണോ പെണ്‍കുട്ടി ഇത്തരത്തില്‍ മൊഴി നല്‍കിയതെന്നും കമ്മിഷന്‍ സംശയിക്കുന്നു. തെറ്റായ തെളിവുകള്‍ നല്‍കാന്‍ ചിലപ്പോള്‍ പതിനേഴുകാരിക്കു കഴിയുമെന്നും കമ്മിഷന്‍ പറഞ്ഞു. ആരോപണവിധേയനായ പന്ത്രണ്ട് വയസുകാരന്റെ പ്രത്യുത്പാദനശേഷിയെക്കുറിച്ചു മെഡിക്കല്‍ പരിശോധനയ്ക്കും കമ്മീഷന്‍ ഉത്തരവിട്ടു. പരിചയസമ്പന്നനായ ഡോക്ടറുടെ നേതൃത്വത്തിലാകണം മെഡിക്കല്‍ പരിശോധന നടത്തേണ്ടത്. സംഭവത്തില്‍ ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തണമെന്നും കമ്മിഷന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കു നിര്‍ദ്ദേശം നല്‍കി. വിദഗ്ധരായ ഡോക്ടര്‍മാരുടെ സഹായം അന്വേഷണഘട്ടത്തില്‍ ഉപയോഗിക്കണമെന്നും നടപടിക്രമത്തില്‍ പറയുന്നു. വിശദീകരണം രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണു നടപടി.