തിരുവനന്തപുരം: കേരളത്തിലെ സഹകരണ ബാങ്കുകളെ തകര്‍ക്കുന്നു എന്നാരോപിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് റിസര്‍വ്വ് ബാങ്കിന് മുന്നില്‍ സമരമിരിക്കും. രാവിലെ പത്ത് മണിമുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് സമരം.
സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക മന്ത്രിസഭ യോഗം ചേരും. കള്ളപ്പണക്കാരുടെ സ്പോണ്‍സേര്‍ഡ് സമരമാണ് മുഖ്യമന്ത്രി നടത്തുന്നത് എന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. പിന്‍വലിച്ച നോട്ട് മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാത്തതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് മുഖ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയത്. വിഷയത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും സമരമിരിക്കുന്നതോട വിഷയം ദേശീയ ശ്രദ്ധയിലെത്തും. അങ്ങനെ കേന്ദ്ര നീക്കങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുക കൂടിയാണ് സമരത്തിന്റെ ലക്ഷ്യം.
കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ തകരുന്നത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥ തന്നെ തകര്‍ക്കും. ഇക്കാര്യത്തല്‍ നാടിന്റെ വികാരം പ്രകടിപ്പിക്കുകയാണ് സമരത്തിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പറയുന്നു.
സഹകരണ ബാങ്ക് വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയും സര്‍ക്കാറിനുണ്ട്. ഇരുവരും യോജിച്ച പ്രക്ഷോഭത്തിനും ആലോചയുണ്ട്. ഈമാസം 21ന് സര്‍വ്വകക്ഷിയോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.