ഷാര്‍ജയില്‍ ഇനി ആത്മഹത്യ നടപ്പില്ല; നിങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലാണ്

ഷാര്‍ജ: ഷാര്‍ജയില്‍ ആത്മഹത്യയ്ക്ക് ഒരുങ്ങുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്. നിങ്ങള്‍ ഡ്രോണ്‍ നിരീക്ഷണത്തിലാണ്. ആത്മഹത്യ ചെയ്യുന്നവരെ കണ്ടെത്തി ശ്രമം തടയുന്നതിനായി ആണ് ഡ്രോണുകള്‍ സജീവമാകുന്നത്.

ഷാര്‍ജ മീഡിയ സെന്ററിലെ എക്സ്പോ സെന്ററിന്റെ ഭാഗമായി ഷാര്‍ജ പൊലീസാണ് ‘ശകാബ്’ എന്ന് പേരിട്ട ഡ്രോണ്‍ പ്രദര്‍ശിപ്പിച്ചത്. ഷാര്‍ജയില്‍ ആത്മഹത്യ വ്യാപകമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആത്മഹത്യ തടയുന്നതിനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഡ്രോണ്‍ വികസിപ്പിച്ചെടുത്തതെന്ന് ലീഗല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ടെക്നിക്കല്‍ സപ്പോര്‍ട്ട് ഡയറക്ടര്‍ ലഫ്. ഒമര്‍ ബു ഖലീഫ പറഞ്ഞു.

ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ആത്മഹത്യ തടയുന്നതിനുള്ള നടപടികളാണ് ഡ്രോണ്‍ സ്വീകരിക്കുക. ഷാര്‍ജയിലെ 30ഓളം സര്‍ക്കാര്‍ വകുപ്പ്, സര്‍വ്വകലാശാല, സ്വകാര്യമേഖല എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഷാര്‍ജ മീഡിയ സെന്ററില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. ഷാര്‍ജയില്‍ കഴിഞ്ഞ കാലത്ത് 23 പേരാണ് ആത്മഹത്യ ചെയ്ത് ഇതാണ് ഷാര്‍ജ പൊലീസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചത്.

45കെഎപിഎച്ച് വേഗതയില്‍ സഞ്ചരിക്കുന്ന ഡ്രോണില്‍ നാല് ക്യാമറകളാണ് ഘടിപ്പിച്ചിട്ടുള്ളത്. ഈ ക്യാമറകളാണ് ഉയരമുള്ള കെട്ടിടങ്ങള്‍ക്ക് മുകളിലിരുന്ന് ആത്മഹത്യയ്ക്കൊരുങ്ങുന്നവരുടെ നീക്കങ്ങള്‍ നിരീക്ഷിക്കുക. ഈ വിവരങ്ങള്‍ അനുസരിച്ച് ഇത്തരക്കാരെ കൃത്യസമയത്ത് രക്ഷിക്കാന്‍ ഡ്രോണുകള്‍ പൊലീസിനെ സഹായിക്കുന്നു. പൊലീസുമായുള്ള ആശയവിനിമയത്തിന് സഹായിക്കുന്നതിനായി സിം കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്പീക്കറുകളും ഡ്രോണില്‍ ഘടിപ്പിച്ചിട്ടുണ്ട്. ഇവ ആത്മഹത്യക്കൊരുങ്ങുന്നവരുമായി സന്ധിസംഭാഷണം നടത്തുമെന്നും പൊലീസ് വ്യക്തമാക്കുന്നു.

ഇതിനു പുറമേ രാജ്യത്ത് പ്രതിഷേധങ്ങള്‍, തീപിടുത്തങ്ങള്‍ ഉള്‍പ്പെടെയുള്ള അത്യാഹിത സംഭവങ്ങളുണ്ടാകുമ്പോള്‍ സ്ഥിതി വിലയിരുത്തുന്നതിനായും ഡ്രോണുകള്‍ ഉപയോഗിക്കാം. പ്രകൃതി ദുരന്തങ്ങളും തീപിടുത്തങ്ങളും ഉണ്ടാകുമ്പോള്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും ഡ്രോണില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കാം.