നോട്ടുകള്‍ അസാധുവാക്കിയ മോഡിയുടെ നടപടി മുതലയെ പിടിക്കാന്‍ കുളം വറ്റിക്കുന്നതുപോലെ: യെച്യൂരി

    ന്യൂഡല്‍ഹി: 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടിയില്‍ രാജ്യസഭയില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്യൂരി. നോട്ടുകള്‍ അസാധുവാക്കിയ പ്രധാനമന്ത്രിയുടെ നടപടി മുതലകളെ കൊല്ലാന്‍ കുളം വറ്റിക്കുന്നതു പോലെയാണെന്ന് യെച്ചൂരി വിമര്‍ശിച്ചു.

    ഇതില്‍ മുതലകള്‍ കുടുങ്ങുന്നില്ല ചെറുമീനുകള്‍ മാത്രമാണ് ഇല്ലാതാകുന്നത്. ഇത്തരം ഒരു നടപടിയിലൂടെ കള്ളപ്പണം ഇല്ലാതാക്കുകയാണോ വന്‍ കള്ളപ്പണക്കാര്‍ക്ക് കള്ളപ്പണം വെളുപ്പിക്കാന്‍ അവസരം കൊടുക്കുകയാണോ കേന്ദ്ര സര്‍ക്കാര്‍ ചെയ്തതെന്നും യെച്യൂരി ചോദിച്ചു. ഈ നടപടിയിലൂടെ 86 ശതമാനം വരുന്ന പണകൈമാറ്റത്തെയാണ് സര്‍ക്കാര്‍ ഇല്ലാതാക്കിയിരിക്കുന്നത്. വെറും 14 ശതമാനം പണമിടപാട് ഇന്ന് രാജ്യത്ത് നടക്കുന്നത്. 86 ശതമാനം ജനങ്ങളോട് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്. തനിക്ക് ശേഷം പ്രളയമെന്നാണ് പ്രധാനമന്ത്രി വിചാരമെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

    പ്രധാനമന്ത്രി രാജ്യത്തോട് ‘ജയ് ഹിന്ദ്’ എന്നതിനുപകരം ‘ജിയോ ഹിന്ദ്’ എന്നാണ് അഭിസംബോധന ചെയ്യുന്നതെന്നും യെച്ചൂരി പറഞ്ഞു. ഒരുപാട് ആത്മഹത്യകള്‍ നടന്നു. ജനങ്ങള്‍ക്ക് അവരുടെ അച്ഛനമ്മമാരെ ആശുപത്രിയില്‍ ചികിത്സിക്കാന്‍ കഴിയുന്നില്ലെന്നും യെച്യൂരി ചൂണ്ടിക്കാട്ടി.