എല്‍.ഡി.എഫിനോട് ചേര്‍ന്ന് സമരത്തിനില്ല; മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്

    തിരുവനന്തപുരം: പ്രധാനമന്ത്രി നടത്തിയിട്ടുള്ള നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപനത്തിന്റെ മറവില്‍ കേരളത്തിലെ സഹകരണ സംഘങ്ങളെ കേന്ദ്ര സര്‍ക്കാര്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നതിനെതിരേ എല്‍ഡിഎഫ് സര്‍ക്കാരുമായി ചേര്‍ന്ന് സമരത്തിനില്ലെന്ന് കോണ്‍ഗ്രസ്. കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരനാണ് പാര്‍ട്ടി നിലപാട് പ്രഖ്യാപിച്ചത്. വിഷയത്തില്‍ സര്‍ക്കാരും എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്താന്‍ തീരുമാനിച്ച കാര്യം കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് പ്രഖ്യാപിച്ചത്.

    പിന്നീട് ഇക്കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ഉയര്‍ന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. കോണ്‍ഗ്രസ് തീരുമാനം അറിയിച്ച സുധീരന്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനുമെതിരേ രൂക്ഷ വിമര്‍ശനമാണ് നടത്തിയത്.

    കേന്ദ്രത്തില്‍ നരേന്ദ്ര മോദി ചെയ്യുന്നത് തന്നെയാണ് കേരളത്തില്‍ എല്‍ഡിഎഫും ചെയ്യുന്നതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. സിപിഎം ഭരണത്തിലല്ലാത്ത ബാങ്ക് ഭരണസമിതികളെ തകര്‍ക്കാനാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമം. ബിജെപിയുടെ ശൈലി അനുകരിക്കുന്നത് സിപിഎം അവസാനിപ്പിക്കണം. സഹകരണ മേഖല വിഷയത്തില്‍ സമാന രീതിയില്‍ സമരമെന്നാല്‍ സംയുക്ത സമരമെന്നല്ലെന്നും സുധീരന്‍ വ്യക്തമാക്കി.