പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍

സുല്‍ത്താന്‍ ബത്തേരി: ക്ലാസ് മുറിയില്‍ പാമ്പു കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ ചികിത്സ നല്‍കാന്‍ വൈകിയെന്ന ആരോപണം നേരിട്ട അധ്യാപകനെതിരേ നടപടി. ഷജില്‍ എന്ന അധ്യാപകനെ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സസ്‌പെന്‍ഡ് ചെയ്തു.

ജില്ലാ കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ സ്‌കൂളിലെത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു. ഇവിടെവച്ച് വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കെതിരേ ആരോപണം ആവര്‍ത്തിച്ച സാഹചര്യത്തിലാണ് ഉടനടി നടപടിയുണ്ടായത്. സ്‌കൂളിലെ മറ്റ് അധ്യാപകരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുമെന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

സ്‌കൂളില്‍ വച്ച് പാമ്പു കടിയേറ്റ് കുട്ടി മരിക്കാനിടയായ സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. സ്‌കൂളിലെത്തിയ ഡെപ്യൂട്ടി ഡയറക്ടറെ നാട്ടുകാര്‍ തടയുകയും ചെയ്തു. ബത്തേരി ഗവ. സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനി ഷഹല ഷെറിനാണ് (10) ഇന്നലെ മരണപ്പെട്ടത്. പാമ്പ് കടിച്ചതാണെന്ന് പറഞ്ഞിട്ടും അധ്യാപകര്‍ മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞാണ് ഷഹലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മറ്റ് വിദ്യാര്‍ഥികള്‍ ആരോപിച്ചിരുന്നു.

സ്‌കൂള്‍ അധികൃതര്‍ നല്‍കിയ വിവരം അനുസരിച്ച് രക്ഷിതാവെത്തിയ ശേഷമാണ് കുട്ടിയെ ബത്തേരിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ഡോക്ടര്‍ക്കും പാമ്പു കടിച്ചതാണെന്ന് സ്ഥിരീകരിക്കാന്‍ സാധിച്ചില്ല. പിന്നീട് റഫര്‍ ചെയ്തതനുസരിച്ചു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.