കോട്ടയം : കെവിന് വധക്കേസ് വിചാരണയുടെ മൂന്നാം ദിവസമായ ഇന്ന് കെവിന്റെ ഭാര്യ നീനു ചാക്കോ കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെത്തും. കേസില്‍ അഞ്ചാം സാക്ഷിയാണ് നീനു.
അതേസമയം, കേസിലെ മറ്റൊരു പ്രധാന സാക്ഷിയായ അനീഷിന് നീനുവിന്റെ പിതാവ് ചാക്കോയെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഒരേ നിറത്തിലുള്ള വേഷത്തിലാണ് പ്രതികളെല്ലാം കോടതിയില്‍ എത്തിയത്. അതിനാല്‍, കേസില്‍ ചാക്കോയ്ക്ക് ഉള്ള പങ്ക് തെളിയിക്കാന്‍ നീനുവിന്റെ മൊഴിയാണ് അനിവാര്യം.
ദുരഭിമാനക്കൊലയായി കേസ് പരിഗണിച്ച് വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന പ്രോസിക്യൂഷന് ആവശ്യം കോടതി നേരത്തെ അംഗീകരിച്ചിരുന്നു. പ്രതികള്‍ രൂപമാറ്റം വരുത്തിയതിനാല്‍ തിരിച്ചറിയാന്‍ കഴിയുന്നില്ലെന്ന് അനീഷ് കോടതിയില്‍ മൊഴി നല്കി.
2018 മേയ് 27 നാണ് കോട്ടയം നട്ടാശ്ശേരി പ്ലാത്തറയില്‍ കെവിന് പി. ജോസഫിനെ (24) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ച ദിവസം നീനുവിന്റെ ബന്ധുക്കളും അവരുടെ സുഹൃത്തുക്കളും ചേര്‍ന്ന് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.