തിരുവനന്തപുരം: കടലാക്രമണം നേരിടുന്ന തീരപ്രദേശങ്ങളില്‍ ഒരു മാസത്തെ സൗജന്യ റേഷന്‍ അരി നല്‍കുമെന്ന് മന്ത്രി സഭ യോഗത്തില്‍ തീരുമാനമെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെയാണ് റേഷന്‍ നല്‍കുക.
തെരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ മന്ത്രസഭാ യോഗം കടലാക്രമണവും കാലാവസ്ഥാ മുന്നറിയിപ്പുകളും ചര്‍ച്ച ചെയ്ത ശേഷമാണ് ഇത്തരമൊരു തീരുമാനമെടുത്തത്. തിരുവനന്തപുരത്ത് ഇരുന്നൂറിലേറെ വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്നുള്ള ജാഗ്രതാ നിര്‍ദേശവും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒരു മാസത്തെ റേഷന്‍ തീരദേശത്ത് മുഴുവന്‍ നല്‍കാനുള്ള തീരുമാനമെടുത്തത്.
ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കേരളത്തിന്റെ തീരത്ത് കടലാക്രമണം രൂക്ഷമാവുകയാണ്. വലിയതുറയില്‍ ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് കടല്‍ കരകയറി തുടങ്ങിയത്. പാലത്തിന് സമീപം ഇരുപതിലധികം വീടുകളില്‍ വെള്ളം കയറി. നാട്ടുകാര്‍ വീട് വിട്ടോടി. കരയിലേക്ക് 250 മീറ്റര്‍ ദൂരത്തോളം തിരമാലകളെത്തിയിരുന്നു.