തിരഞ്ഞെടുപ്പിന് ഫ്‌ളക്‌സ് ബോര്‍ഡ് വേണ്ടെന്ന് ഹൈക്കോടതി; ജീര്‍ണ്ണിക്കുന്ന വസ്തുക്കള്‍ മാത്രം ഉപയോഗിച്ചാല്‍ മതി

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് വിലക്ക്. തിരഞ്ഞെടുപ്പ് പ്രചരണം പരിസ്ഥിതി സൗഹാര്‍ദപരമായിരിക്കണം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശം കര്‍ശനമായി പാലിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.

ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിന് ഉപയോഗിക്കാവൂ എന്ന് കോടതി വ്യക്തമാക്കി. സംസ്ഥാന വ്യാപകമായി ഈ ഉത്തരവ് പ്രാബല്യത്തിലാണെന്നും ഹൈക്കോതി വ്യക്തമാക്കി. പൊതുതിരഞ്ഞെടുപ്പില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ധാരാളമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും അയിനാല്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ വിലക്കണമെന്നും ആവശ്യപ്പെട്ട് തിരുവനന്തപുരം സ്വദേശിയായ ശ്യാംകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.

ഹര്‍ജിയില്‍ സര്‍ക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടിയിരുന്നു. ഫ്‌ളക്‌സ് നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ ഒരു ഹര്‍ജി പരിഗണനയിലുണ്ട്. അതിലേക്ക് ഈ ഹര്‍ജിയും മാറ്റണമെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.

പരിസ്ഥിതി സൗഹാര്‍ദപരമായി തിരഞ്ഞെടുപ്പ് പ്രചരണം നടത്തണമെന്ന നിര്‍ദ്ദേശം നല്‍കിയതായി തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ കോടതി വിധികളെല്ലാം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും കമ്മീഷന്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍, കേന്ദ്രസര്‍ക്കാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയ്ക്ക് നോട്ടീസ് അയയ്ക്കും.