ദാമ്പത്യ ജീവിതത്തില്‍ സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും വില ആര്‍ക്കും പറഞ്ഞു കൊടുക്കേണ്ടതില്ല. പലപ്പോഴും ദമ്പതിമാര്‍ക്കിടയില്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്. ഇതോടെ ദാമ്പ്ത്യ ജീവിതത്തില്‍ കല്ലുകടികള്‍ ആരംഭിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ദമ്പതികള്‍ക്ക് തന്റെ ദാമ്പത്യ ജീവിതം ചൂണ്ടിക്കാട്ടുകയാണ് ഒരു യുവാവ്.
ലാല്സണ് എന്ന യുവാവാണ് തന്റെ ശാരീരിക അവസ്ഥയിലും തന്നെ പൊന്നു പോലെ പരിചരിക്കുന്ന ഭാര്യയുടെ മനസ്സിനെ വാഴ്ത്തി വനിതദിനത്തില്‍ ഫേസ്ബുക്ക് കുറിപ്പിട്ടത്. നല്ല രീതിയില്‍ ഭക്ഷണം പോലും കഴിക്കാതെ തന്നെ പരിചരിക്കുന്ന തന്റെ പ്രിയപ്പെട്ടവള്‍ തന്റെ ജീവിതത്തിലെ പുണ്യമാണെന്നാണ് ലാല്സണ് പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഇന്ന് ലോക വനിതാ ദിനം…… ഇവളാണ് എന്റെ ഹീറോയിന് എന്റെ പ്രിയപ്പെട്ട ഭാര്യ. ഉണ്ണാതെ, ഉറങ്ങാതെ എന്നെ പരിചരിക്കുന്ന, എന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ട് വരാന്‍ ശ്രമിക്കുന്ന എന്റെ പ്രിയപ്പെട്ട സ്റ്റെഫി…. രാവിലെ അഞ്ചു മണിക്ക് ട്യൂബിലൂടെ പൊടിച്ച ഗുളിക തന്നു കൊണ്ട് തുടങ്ങുന്ന അവളുടെ ജീവിതം വീണ്ടും ആറു മണി ആവുമ്ബോള്‍ പിന്നെയും ഗുളികയും, ഫീഡും എല്ലാം ശരിയാക്കി ട്യൂബിലൂടെ അവള് അതു തരും.. അതു കഴിഞ്ഞാല്‍ എന്നെ പല്ല് തേപ്പിക്കും, ഷേവ് ചെയ്തു തരും, ശരീരം മുഴുവന്‍ തുടച്ചു ക്ലീന്‍ ആക്കും, പ്രാഥമിക കാര്യങ്ങള്‍ക്കു കൊണ്ടുപോകും എല്ലാം കഴിഞ്ഞു ഡ്രസ്സ് മാറ്റി ക്രീമും പൗഡറു എല്ലാം ഇട്ടു വരുമ്ബോഴേക്കും അടുത്ത ഫീഡിനുള്ള സമയം…. അതു കഴിയുമ്ബോഴേക്കുംഒരു വയസു മാത്രം പ്രായമുള്ള കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കണം രാത്രി പന്ത്രണ്ടു മണി വരെ ഇങ്ങനെ എന്നെയും, മോനെയും നോക്കി ഞങ്ങളുടെ കാര്യങ്ങള്‍ നോക്കി അവള് നില്ക്കും ഇതിനിടയില്‍ ജീവന് നിലനിര്‍ത്താന്‍ വല്ലതും കഴിച്ചാല്‍ കഴിച്ചു അത്രയും മാത്രം…. കല്യാണം കഴിഞ്ഞു മൂന്നു കൊല്ലം മാത്രമേ ആയിട്ടുള്ളു. ഒരു പക്ഷെ ദൈവം ഒരുപാടു ദുരിദങ്ങള്‍ സമ്മാനിച്ചപ്പോള്‍ അതിനിടയില്‍ തന്ന പുണ്യമാണ് എന്റെ സ്റ്റെഫി. സ്വന്തം ആരോഗ്യവും, ഭക്ഷണവും ഒന്നും നോക്കാതെ അവള് എന്നെ സ്നേഹിച്ചുകൊണ്ടിരിക്കുന്നു.. എന്ത് പകരം ഞാന്‍ നല്‍കും എന്ന് എനിക്കറിയില്ല….. ആല്മവിശ്വസമാണ് അവള് നല്‍കുന്നത് ഞാന്‍ തോറ്റു കൊടുക്കാതിരിക്കാന്‍ അവളാണ് പ്രചോദനം. …. വേദന കൊണ്ട് പുളയുമ്ബോള്‍ പലപ്പോഴും എന്റെ ദേഷ്യം മുഴുവന്‍ കാണിക്കുന്നത് അവളോടാണ് പക്ഷെ അവള്‍ക്കു പരിഭവം ഇല്ല പകരം സ്നേഹ മാത്രം…. ഉമിനീര് ഇറക്കാന്‍ സാധിക്കാത്തതു കൊണ്ട് എലാം ഒരു പാത്രത്തില്‍ തുപ്പി കളയും അങ്ങനെ ഉള്ളതെല്ലാം അവള് സ്നേഹത്തോടെ കൊണ്ട് കളഞ്ഞു പാത്രം എപ്പോഴും വൃത്തിയാക്കി കൊണ്ടുവരും…. ഇതെല്ലാം ഇത്ര സ്നേഹത്തോടെ എങ്ങനെ ചെയ്യുന്നു എന്നുള്ളത് സത്യത്തില്‍ എനിക്ക് അത്ഭുദമാണ് ഒരു പെണ്ണും ഭര്‍ത്താവിനെ ഇങ്ങനെ സ്നേഹിച്ചിട്ടുണ്ടാവില്ല എന്ന് എനിക്ക് തോന്നുന്ന ഈ നിമിഷത്തില്‍ ഈ ലോക വനിതാ ദിനത്തില്‍ എന്റെ പ്രിയപ്പെട്ട വനിതാ എന്റെ ഭാര്യയാണ്….. എന്റെ പുന്നാര സ്റ്റെഫിക്കു എന്റെ വനിതാ ദിന ആശംസകള്‍….. ഒപ്പം സ്നേഹത്തിന്റെ നിറകുടങ്ങളായ എല്ലാ വനിതകള്‍ക്കും എന്റെ ലോക വനിതാ ദിന ആശംസകള്‍
സ്നേഹം മാത്രം