പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചു പോയതിനാല്‍ വെള്ളം പിടിച്ചു നിര്‍ത്താന്‍ മണ്ണിനും കഴിയുന്നില്ല; കേരളത്തെ കാത്തിരിക്കുന്നത് വലിയ വരള്‍ച്ച

തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെയുണ്ടായ പാരിസ്ഥിതി സാഹചര്യങ്ങള്‍ മൂലം ഇത്തവണ വരള്‍ച്ച കനക്കും. ശക്തമായ വേനല്‍മഴ കിട്ടിയില്ലെങ്കില്‍ കേരളം വെള്ളം കുടിക്കാതെ ബുദ്ധിമുട്ടുമെന്നും ഇതില്‍ തൃശൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകള്‍ കുടിവെള്ളം പോലും കിട്ടാതെ തൊണ്ട വരളുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്.

പെയ്ത മഴ ആഗിരണം ചെയ്യാനുള്ള ഭൂമിയുടെ കഴിവ് കുറഞ്ഞുപോയതാണ് ഇത്തവണ ഉണ്ടാകാനിടയുള്ള വരള്‍ച്ചയുടെ പ്രധാന കാരണങ്ങളില്‍ ഒന്നായി സിഡബ്‌ളൂആര്‍ഡിഎം ചൂണ്ടിക്കാട്ടുന്നത്. പ്രളയത്തില്‍ തടസ്സങ്ങള്‍ ഒഴുകിപ്പോയതിനാല്‍ നദികളില്‍ ജലം കെട്ടിക്കിടക്കാത്ത സാഹചര്യം ഉണ്ടാകുന്നതായി അവര്‍ ചൂണ്ടിക്കാട്ടി.

ഇത് ഭൂഗര്‍ഭജലം കുറയാന്‍ ഇടയാക്കിയെന്നും പ്രളയം മുലം മേല്‍മണ്ണ് ഒലിച്ചുപോയ സാഹചര്യത്തില്‍ വെള്ളത്തെ മണ്ണില്‍ പിടിച്ചു നിര്‍ത്താനുള്ള കഴിവ് മണ്ണിനും ഇല്ലാതാക്കി. ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്യാറുള്ള തുലാവര്‍ഷം ഇത്തവണ മലബാറില്‍ 15 ശതമാനത്തില്‍ കുറവാണ് കിട്ടിയതും.

ഇതിനൊപ്പം ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നീക്കിയതും സ്ഥിതി വഷളാക്കുകയും ചെയ്തു. കോഴിക്കോട് ജില്ലയില്‍ ഇന്ന് ഉഷ്ണതരംഗത്തിനു സാധ്യതയെന്ന് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളില്‍ അതീവ ജാഗ്രതയ്ക്കു നിര്‍ദേശം. സംസ്ഥാനത്താകെ താപനില ശരാശരിയേക്കാള്‍ കൂടുമെന്നും നിഗമനം. രാവിലെ 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നു വരെ നേരിട്ടു വെയിലേല്‍ക്കാതിരിക്കുക, നിര്‍ജലീകരണം തടയാനായി പരമാവധി ശുദ്ധജലം കുടിക്കുക, കുടിവെള്ളം കൈയില്‍ കരുതുക, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നു ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.