ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ വ്യോമസേന തീവ്രവാദി ക്യാമ്പുകള്‍ തകര്‍ത്തത് വെറും 21 മിനിറ്റുകളില്‍. ഇന്ത്യാ – പാക് അതിര്‍ത്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന ജെയ്ഷെ ഇ മുഹമ്മദ്, ലഷ്ക്കര്‍ ഇ തയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ സംയുക്ത തീവ്രവാദി ക്യാമ്പുകളാണ് ഇന്ത്യന്‍ സൈന്യം ആക്രമിച്ചത്. ബാലാക്കോട്ട്, മുസാഫറാബാദ്, ചകോതി എന്നിവിടങ്ങളിലെ ക്യാമ്പുകളാണ് തകര്‍ത്തത്. പുലര്‍ച്ചെ 3.45 ന് തുടങ്ങിയ ആക്രമണം 4.08 വരെ നീണ്ടു നിന്നു.
ലേസര്‍ ഗൈഡഡ് ബോംബുകളാണ് ഇന്ത്യ ഉപയോഗപ്പെടുത്തിയത്. നേരത്തേ തന്നെ ആക്രമണം നടത്തേണ്ട കേന്ദ്രങ്ങള്‍ തിട്ടപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ഇന്ത്യന്‍ ആക്രമണത്തില്‍ ഏകദേശം 300 ഓളം ഭീകരര്‍ കൊല്ലപ്പെട്ടതായിട്ടാണ് വിവരം. ആദ്യം ആക്രമണം ബാലാകോട്ടിലായിരുന്നു. ഇന്ത്യാ പാക് അതിര്‍ത്തിയില്‍ നിന്നും 50 കിലോമീറ്റര്‍ മാറി പാക് മണ്ണിലുള്ള പ്രദേശം ജെയ്ഷെയുടെ പ്രധാന താവളങ്ങളില്‍ ഒന്നായിട്ടാണ് കരുതുന്നത്. അതേസമയം ബലാകോട്ട് എന്ന പേരില്‍ രണ്ടിടങ്ങള്‍ പാകിസ്താനില്‍ ഉണ്ടെന്നും ഇതില്‍ ഒരെണ്ണം പാകിസ്താനിലെ നിയന്ത്രണ രേഖയിലെ കശ്മീര്‍ ഏരിയയിലും മറ്റൊന്ന് പാകിസ്താനിലെ ബലാക്കോട്ടുമാണ്.
നിയന്ത്രണ രേഖയിലെ പ്രദേശത്താണ് ഇന്ത്യ ആക്രമണം നടത്തിയതെന്നും പാകിസ്താനിലേക്ക് കടന്നു കയറിയില്ലെന്നമാണ് പാകിസ്താന് പറയുന്നത്. 40 സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമയില്‍ ആക്രമണം നടത്തിയ ജെയ്ഷെ ഇ മുഹമ്മദ് തീവ്രവാദികള്‍ക്ക് പരിശീലനം നല്കുന്ന ഇടമാണ് ബാലക്കോട്ട്. പിന്നീട് ഇവിടെ നിന്നും 24 കിലോമീറ്റര്‍ അകലെയുള്ള മുസാഫറാബാദിലേക്ക് സൈന്യം എത്തിയത് 3.45 ന് ആയിരുന്നു. 3.53 വരെ ഇവിടുത്തെ തീവ്രവാദി കേന്ദ്രങ്ങളില്‍ ആക്രമണം നടത്തി. മുസാഫറാബാദിനെ പാക് അധീന കശ്മീരിന്റെ തലസ്ഥാനമായിട്ടാണ് കരുതുന്നത്. ഇവിടം കേന്ദ്രമാക്കി ലഷ്ക്കര്‍ ഇ തയ്ബയും ഹിസ്ബുള്‍ മുജാഹിദ്ദീനും ഉള്‍പ്പെടെ പല തീവ്രവാദി ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നതായിട്ടാണ് വിവരം. അതേസമയം ഇവിടെ മുന്നോ നാലോ കിലോമീറ്ററിലേക്ക് ഇന്ത്യ കടന്നു കയറി ആക്രമണം നടത്തിയെന്നും പാകിസ്താന് തിരിച്ചടിച്ചപ്പോള്‍ തിരിഞ്ഞോടി എന്നുമാണ് പാക് സൈനിക തലവന്‍ മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ രാവിലെ പറഞ്ഞത്.
പുലര്‍ച്ചെ 3.58 മുതലായിരുന്നു ചകോതിയില്‍ ആക്രമണം നടന്നത്. 4.04 വരെ നീണ്ട ശേഷം ഇന്ത്യന്‍ വ്യോമസേന സുരക്ഷിതരായി മടങ്ങിയെത്തുകയൂം ചെയ്തു. 12 മിറാഷ് 2000 വിമാനങ്ങളാണ് ആക്രമണത്തിനായി ഇന്ത്യ ഉപയോഗിച്ചത്. കാര്‍ഗില്‍ യുദ്ധത്തിന് ശേഷം മിറാഷ് വിമാനം ഉപയോഗിക്കുന്നത് ഇതാദ്യമാണ്. 1000 കിലോ ബോംബായിരുന്നു വര്‍ഷിച്ചത്. തീവ്രവാദി ക്യാമ്പുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു എന്നാണ് ഇന്ത്യ അവകാശപ്പെടുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജെയ്ഷെ തലവന്‍ മൗലാനാ മസൂദ് അസറിനെ സുരക്ഷിത താവളത്തിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്. റാവല്‍പിണ്ടിയിലെ ആശുപത്രിയിലേക്കാണ് മാറ്റിയത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പഞ്ചാബിലും ഹിമാചലിലും അതീവ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്.