പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാര്‍ ഒരു മാസത്തെ അവധിക്കുശേഷം ഈ മാസം ഒന്നിനാണ് വയനാട്ടില്‍ നിന്നും കാശ്മീരിലേക്കു മടങ്ങിയത്. 2001-ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന അദ്ദേഹം സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാനിരിക്കെ ആയിരുന്നു രാജ്യത്തിനു വേണ്ടി… നമുക്കു വേണ്ടി വീരമൃത്യു വരിച്ചത്.
രാജ്യത്തിനു വേണ്ടി പോരാടിയാണ് സഹോദരന്‍ മരിച്ചത്, അതില്‍ അഭിമാനിക്കുന്നുവെന്ന് പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ സഹോദരന്‍. വയനാട് ലിക്കിടി സ്വദേശിയായ വസന്തകുമാറിന്റെ മരണം സ്ഥിരീകരിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സഹോദരന്‍ സജീവന്‍. വൈത്തിരി വെറ്ററിനറി സര്‍വ്വകലാശാലക്ക് സമീപം താമസിക്കുന്ന വാഴകണ്ടി പരേതനായ വാസുദേവന്റെയും ശാന്തയുടെയും മകനാണ്. പിതാവ് വാസുദേവന്‍ എട്ടുമാസം മുന്‍പാണ് മരിച്ചത്. ഷീനയാണ് വസന്തകുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
സി. ആര്‍.പി.എഫ്. 82-ാം ബറ്റാലിയന്‍ അംഗമായിരുന്നു വസന്തകുമാര്‍. വസന്തകുമാര്‍ ഉള്‍പ്പെടെ 42 ജവാന്‍മാര്‍ സഞ്ചരിച്ച സി.ആര്‍. പി.എഫിന്റെ 76-ാം നമ്പര്‍ ബറ്റാലിയന്റെ എച്ച്.ആര്‍. 49 എഫ്. 0637 ബസാണ് ചാവേറാക്രമണത്തില്‍ പൂര്‍ണ്ണമായി തകര്‍ന്നത്. കൈമല്‍ സിംഗ് എന്ന ജവാനായിരുന്നു ബസിന്റെ ഡ്രൈവര്‍. ശ്യാംബാബു ,അശ്വിനികുമാര്‍ കൊച്ചി, പ്രദീപ് കുമാര്‍ ,അജയ്കുമാര്‍, മഹേഷ് കുമാര്‍, തുടങ്ങി 42 പേരും രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായി. ജവാന്‍മാര്‍ സഞ്ചരിച്ചിരുന്ന ബസുകള്‍ക്കു നേര്‍ക്ക് ഭീകരന്‍ 350 കിലോ സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു.
കാശ്മീര്‍ താഴ്‌വയില്‍ ജോലിയില്‍ പ്രവേശിക്കാന്‍ പോയ ജവാന്‍മാരാണ് ആക്രമണത്തിനിരയായത്. ഇവരിലേറെയും അവധി കഴിഞ്ഞ് എത്തിയവരായിരുന്നു. സിആര്‍പിഎഫിന്റെ 54-ാം ബറ്റാലിയന്‍ ബസാണ് ആക്രമിക്കപ്പെട്ടത്. 78 ബസുകളാണ് ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോയ വാഹനവ്യൂഹത്തിലുണ്ടായിരുന്നത്. 2500ല്‍ അധികം ജവാന്മാര്‍ വാഹനങ്ങളിലുണ്ടായിരുന്നു.