ന്യൂഡല്‍ഹി: യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധിയ്‌ക്കെതിരെ നല്‍കിയ ഹര്‍ജികള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് പരിഗണിച്ചത്. രാവിലെ 10 മണിയോടെ ആരംഭിച്ച കോടതി നടപടികള്‍ ഉച്ചയ്ക്ക് ഒരു മണിയ്ക്ക് ഉച്ച ഭക്ഷണത്തിനായി കോടതി പിരിയും വരെ തുടര്‍ന്നു. പിന്നീട് ഉച്ച ഭക്ഷണത്തിന് ശേഷം രണ്ട് മണിയോടെ വീണ്ടും വാദം തുടങ്ങി. മൂന്ന് മണി വരെ വാദം തുടര്‍ന്നു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക ഒടുവില്‍ കേസ് വിധി പറയാന്‍ മാറ്റി.
ഉച്ചയ്ക്ക് 1.55-ഓടെ തന്നെ എല്ലാ ജഡ്ജിമാരും കോടതിമുറിയിലെത്തി.
കൃത്യം രണ്ട് മണിയ്ക്ക് തന്നെ വീണ്ടും വാദം തുടങ്ങി. ദേവസ്വംബോര്‍ഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദിയാണ് ഉച്ചയ്ക്കു ശേഷം ആദ്യം എത്തിയത്. ആര്‍ത്തവമില്ലാതെ മനുഷ്യകുലം തന്നെയില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് വ്യക്തമാക്കി.
കേശവാനന്ദഭാരതി കേസിലെ പുനഃപരിശോധനാഹര്‍ജികള്‍ പരിഗണിക്കാന്‍ ഒരു ബഞ്ച് ഉണ്ടാക്കിയത് പിന്നീട് പിരിച്ചുവിട്ടിരുന്നല്ലോ, ഇത് അതുപോലെയൊരു കേസാണിതെന്ന് തോന്നുന്നു എന്ന് രാകേഷ് ദ്വിവേദി പരാമര്‍ശിച്ചു. സംസ്ഥാനസര്‍ക്കാരിന് ശക്തമായ പിന്തുണയുമായി തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് രംഗത്തെത്തി. യുവതീ പ്രവേശനത്തെ ദേവസ്വം ബോര്‍ഡ് നേരത്തെ എതിര്‍ത്തിരുന്നില്ലേ എന്ന് ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചോദിച്ചു. എന്നാല്‍, ഇപ്പോഴത്തെ ദേവസ്വം ബോര്‍ഡിന്റെ നിലപാടാണ് അറിയിക്കുന്നത് എന്ന് പറഞ്ഞ അഭിഭാഷകന്‍ വേണമെങ്കില്‍ പുതിയ നിലപാട് കോടതിയില്‍ എഴുതി നല്‍കാമെന്നും പറഞ്ഞു.
ശബരിമലയുമായി ബന്ധപ്പെട്ട പഴയ എഴുത്തുകളിലോ ചരിത്രരേഖകളിലോ സ്ത്രീപ്രവേശനം വിലക്കുന്ന ഒന്നുമില്ലെന്ന് ദേവസ്വംബോര്‍ഡിന് വേണ്ടി അഡ്വ. രാകേഷ് ദ്വിവേദി വ്യക്തമാക്കി. ക്ഷേത്രആചാരങ്ങളിലെ മര്യാദകള്‍ ഭരണഘടനയ്ക്ക് അനുസൃതമായിരിക്കണമെന്ന് ദേവസ്വംബോര്‍ഡ് പറഞ്ഞു. ജൈവശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് സ്ത്രീകള്‍ക്ക് വിവേചനം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. സ്ത്രീകളെ ഒരു മേഖലയിലും തടയാനാകില്ലെന്നും ദേവസ്വംബോര്‍ഡ് പറഞ്ഞു.
റിവ്യൂ, റിട്ട് ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്ന് ദേവസ്വംബോര്‍ഡ് വ്യക്തമാക്കിയതിന് പിന്നാലെ ബിന്ദു, കനകദുര്‍ഗ എന്നിവര്‍ക്ക് വേണ്ടി അഡ്വ. ഇന്ദിരാ ജയ്‌സിംഗിന്റെ വാദം തുടങ്ങി.കനകദുര്‍ഗയ്ക്കും ബിന്ദുവിനും വധഭീഷണിയുണ്ടായെന്നും, രണ്ട് പേരും കയറിയതിന് പിന്നാലെ ശുദ്ധികലശം നടത്തിയത് തൊട്ടുകൂടായ്മയുടെ തെളിവെന്നും അഡ്വ. ഇന്ദിരാ ജയ്‌സിംഗ് ചൂണ്ടിക്കാട്ടി.
ശബരിമല പൊതുക്ഷേത്രമാണ്, ആരുടെയെങ്കിലും കുടുംബക്ഷേത്രമല്ല.
ഭരണഘടനയുടെ 25 -ാം അനുചേ്ഛദം വിശ്വാസം പിന്തുടരാനുള്ള ഭരണഘടനാ അവകാശമാണ്. ഒരു സ്തീയായ എനിക്ക് ക്ഷേത്രത്തില്‍ പോകണം എന്നാണ് വിശ്വാസമെങ്കില്‍ അത് സംരക്ഷിക്കപ്പെടണം. എനിക്ക് ക്ഷേത്രത്തില്‍ കയറണമെന്നാണ് എന്റെ വിശ്വാസമെങ്കിന്‍ ഞാന്‍ കയറും.
വിശ്വാസികളെ സ്ത്രീകളായോ പുരുഷന്മാരായോ അയ്യപ്പന്‍ കാണുന്നില്ല.
ദൈവത്തിന്റെ മുന്നില്‍ എല്ലാ വിശ്വാസികളും തുല്യരാണെന്നും ഇന്ദിരാ ജയ്‌സിംഗ് കോടതിയില്‍ പറഞ്ഞു. യുദ്ധത്തിന് വരെ സ്ത്രീകള്‍ പോയ ചരിത്രമില്ലേ. റസിയാ സുല്‍ത്താന വരെ യുദ്ധത്തിന് പോയ ചരിത്രമുണ്ടല്ലോ എന്നും ജസ്റ്റിസ് റോഹിന്‍ടണ്‍ നരിമാന്‍ ചോദിച്ചു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷം കേസ് വിധി പറയാന്‍ മാറ്റി.