അന്നൊരു ബുധനാഴ്ച ദിവസമായിരുന്നു. പതിവു നടത്തത്തിന് കവലയിലേക്കിറങ്ങിയ കുറുപ്പുമാഷിന് മുന്നില്‍ കൊടിതോരണങ്ങളും വമ്പന്‍ ബാനറുകളും തലയുയര്‍ത്തി നില്ക്കുന്നു. ബാനറിലെ ഏഴുത്തുകളിലൊന്ന് മാഷ് ഇങ്ങനെ വായിച്ചു..’മലയാളികളെ പന്തുതട്ടാന്‍ പഠിപ്പിച്ച കേരള ബ്ലാസ്റ്റേഴ്സിനും സച്ചിനും അഭിവാദ്യങ്ങള്‍’.. ബാനറിന് പിന്നിലെ സംഘാടകരില്‍ ഒരാളെന്നു തോന്നിയ കൗമാരക്കാരനോട് മാഷ് കാര്യമന്വേഷിച്ചു. ഓ.. മാഷേ ഇന്ന് ഐ.എസ്.എല്‍ മത്സരങ്ങളുടെ അവസാന ദിനമല്ലേ. ബ്ലാസ്റ്റേഴ്സ് കപ്പടിക്കും. ഉറപ്പാ.. എന്നിട്ടുവേണം കണ്ട പാണ്ടികള്ക്ക് മുമ്പില്‍ ഞങ്ങ മലയാളികള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍.. മറുപടി തീരുംമുമ്പ് മാഷ് അടുത്ത സംശയമുന്നയിച്ചു. അല്ലകൊച്ചേ.. ഈ പടങ്ങളുകണ്ടിട്ട് കളിക്കാര്‍ മലയാളികളാണെന്ന് തോന്നുന്നില്ലല്ലോ…
ഹും..മാഷിന് ഇതൊന്നും പറഞ്ഞാല്‍ മനസ്സിലാവില്ല.. സംഘാടനത്തിലെ തിരക്ക് വ്യക്തമാക്കുംവിധം ബൈക്ക് സ്റ്റാര്‍ട്ടാക്കി ആ കൗമാരക്കാരന് മറുപടി നല്കി..
ആ സംഭവത്തിന് ശേഷം ഇന്ന് ആഴ്ചകളോ മാസങ്ങളോ കഴിഞ്ഞിരിക്കുന്നു.. ദിനങ്ങള്‍ എത്ര കടന്നുവെന്ന് മാഷിനും തിട്ടമില്ല. പതിവു നടത്തത്തിന് കവലയിലേക്കിറങ്ങിയ മാഷിന്റെ കണ്ണില്‍ പതിവു ബാനര്‍ വീണ്ടും പതിഞ്ഞു. കാലാവസ്ഥയുടെ ആക്രമണവും കാലപ്പഴക്കവും ബാനറുകളെ കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു..
യാദൃശ്ചികമാവിധം പഴയ സംഘാടകനും മാഷിന്റെ മുന്നിലെത്തി. ബൈക്കില്‍ തിരക്കിട്ടുപായുന്ന കൗമാരക്കാരനെ മാഷ് കൈകാട്ടി തടഞ്ഞുനിര്‍ത്തി. അല്ലകൊച്ചേ.. പണ്ട് ബാനറു തൂക്കാനും ആര്‍പ്പുവിളിക്കാനും നീയും കൂട്ടുകാരും കാണിച്ച ആവേശമൊന്നും ഇപ്പോഴ് കാണാറില്ലാലോ?? എന്തുപറ്റി.
ഹാ മാഷേ ആ കളി അവസാന നിമിഷം നമ്മള് കേരളം തോറ്റുവല്ലോ..
അപ്പോ ഇനി നിങ്ങള്‍ ബാനറുകള്‍ തൂക്കുകയും ആഘോഷങ്ങള്‍ സംഘടിപ്പിക്കുകയുമില്ലേ..
ഉണ്ടല്ലോ.. പക്ഷേ അടുത്ത സീസണില്‍..
അതുവരെ നിങ്ങള്‍ പാടത്തും മറ്റും ഫുട്ബോള്‍ കളിച്ച് നടക്കുവായിരിക്കും അല്ലേ..
മാഷെന്താ ഈ പറയുന്നു. ഈ പൊരിവെയിലത്ത് പാടത്ത് ഫുട്ബോള്‍ കളിക്കാന്‍ ഞങ്ങള്‍ക്കെന്താ വട്ടുണ്ടോ.. ഇപ്പോഴത്തെ പിള്ളേര് നിങ്ങടെ ചെറുപ്പത്തിലെപ്പോലല്ല.. ചെയ്യാന്‍ നൂറുകൂട്ടം കാര്യങ്ങളാ ഞങ്ങള്‍ക്ക്…
പുച്ഛം കലര്‍ന്ന മറുപടിക്കൊപ്പം ബൈക്കു സ്റ്റാര്‍ട്ടാക്കി തിരക്കിട്ടു പായുന്ന ആ കൗമാരക്കാരനില്‍ തന്റെ കുട്ടിക്കാലം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ച മാഷ് പരാജയപ്പെട്ടു. മനസ്സിനെന്തോ മടുപ്പ് തോനുന്നു. നടത്തം പാതിയിലുപേക്ഷിച്ച് വീട്ടിലേക്ക് മടങ്ങിയ മാഷിന്റെ കഷണ്ടിയില്‍ ഒരു ദാഷിണ്യവുമില്ലാതെ വെയില് മുത്തമിട്ടുകൊണ്ടിരുന്നു. എങ്കിലും കുടനിവര്‍ത്തി വെയിലിനെ പ്രതിരോധിക്കാന്‍ മാഷിന് തോന്നിയില്ല.
പതിവു വഴി ഉപേക്ഷിച്ച് വരണ്ടുണങ്ങിയ പാടത്തിനു നടുവിലൂടെ മാഷ് നടന്നുനീങ്ങി.. കാല്‍പ്പാദം പതിയാന്‍ കൊതിച്ച മണ്ണില്‍ ആഞ്ഞുചവിട്ടി നടക്കവെ മാഷിന്റെ മുന്നിലൂടെ ഒരു നൂറ്റാണ്ടിലെ ജീവിതം മിന്നിമായുന്നുണ്ടായിരുന്നു. പുതുതലമുറയ്ക്ക് പൂര്‍ണമായും നഷ്ടപ്പെട്ട ഒരു ഭൂതകാലത്തിന്റെ നല്ല ഓര്‍മ്മകള്‍..!
– പി. ഹര്‍ഷകുമാര്‍