കാക്കനാട്: രാജഗിരി ബിസിനസ് സ്കൂളും രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസും സംയുക്തമായി സംഘടിപ്പിച്ച 17-ാമത് രാജഗിരി നാഷണല്‍ ബിസിനസ് ക്വിസ് (ആര്.എന്‍.ബി.ക്യു) സമാപിച്ചു. സ്കൂള്‍, കോളേജ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലായി രാജഗിരി വാലി ക്യാമ്പസില്‍ സംഘടിപ്പിച്ച മത്സരങ്ങളില്‍ യഥാക്രമം ഭുവനേശ്വര്‍ ഡി.എ.വി. പബ്ലിക് സ്കൂള്‍, തൃശ്ശൂര്‍ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ്, ടി.സി.എസ് ചെന്നൈ എന്നീ ടീമുകള്‍ ജേതാക്കളായി.
കോര്‍പ്പറേറ്റ്, കോളേജ് വിഭാഗം വിജയികള്‍ക്ക് 1,00,000 രൂപ, 50,000 രൂപ, 30,000 രൂപ എന്നിങ്ങനെ സമ്മാന തുകയും പ്രശസ്തി പത്രങ്ങളും സ്കൂള്‍ വിഭാഗം വിജയികള്‍ക്ക് 10,000 രൂപ, 7,000 രൂപ, 5,000 രൂപ എന്നിങ്ങനെ യഥാക്രമം സമ്മാന തുകയും പ്രശസ്തിപത്രങ്ങളും ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡിന്റെ മാനവവിഭവശേഷി വിഭാഗം ജനറല്‍ മാനേജര്‍ മേഘനാഥന് എന്‍ കൈമാറി. ഡാറ്റാമേറ്റിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ജോബി ജോണ്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. റവ. ഡോ. വര്‍ഗീസ് കാച്ചപ്പിള്ളി, സി.എം.ഐ., ആര്.സി.എസ്.എസ്., ആര്.ബി.എസ്. അസിസ്റ്റന്റ് ഡയറക്ടര്‍ റവ. ഡോ. ഫ്രാന്‍സിസ് സെബാസ്റ്റ്യന്‍, സി.എം.ഐ, ഡോ. കിഷോര്‍ ഗോപാലകൃഷ്ണ പിള്ള എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പൂര്‍ണമായും വിദ്യാര്‍ത്ഥികള്‍ നേതൃത്വം നല്കുന്ന ആര്.എന്‍.ബി.ക്യുവിന് മൂന്ന് വിഭാഗങ്ങളിലുമായി ഇത്തവണ 1600ല്‍ അധികം ടീമുകള്‍ മാറ്റുരച്ചു. ബിസിനസ് മേഖലയിലെ അറിവ്, പൊതുവിജ്ഞാനം, സമയോചിതമായി ഉത്തരം കണ്ടെത്തുന്നതിനുള്ള കഴിവ് എന്നിവ പരിശോധിക്കുന്ന നിരവധി ചോദ്യോത്തര റൗണ്ടുകള്‍ മത്സരത്തിന്റെ ഭാഗമായി. മൂന്ന് വിഭാഗങ്ങളിലായി പ്രാഥമിക റൗണ്ടുകള്‍, സെമി ഫൈനലുകള്‍, ഗ്രാന്‍ഡ് ഫിനാലെ എന്നിവയും സംഘടിപ്പിച്ചു. ആര്.എന്‍.ബി.ക്യു 17-ാം പതിപ്പിന്റെ ഗ്രാന്‍ഡ് ഫിനാലെയില്‍ ഗൂഗിള്‍ സി.റ്റി.ഒയും വി.പിയുമായ മിതേഷ് അഗര്‍വാള്‍ ക്വിസ് മാസ്റ്ററായി.
സ്കൂള്‍ വിഭാഗത്തില്‍ സണ്‍ബീം സ്കൂള്‍, ലഹര്‍താര ഒന്നാം റണ്ണര്‍ അപ്പായും സായി ഇന്റര്‍നാഷണല്‍ സ്കൂള്‍, ഭുവനേശ്വര്‍ രണ്ടാം റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു. കോളേജ് വിഭാഗത്തില്‍ ഐഐടി മദ്രാസ് (തമിഴ്നാട്), സെന്റ് ജോസഫ്സ് കോളേജ് ഓഫ് കൊമേഴ്സ് (ബെംഗളൂരു, കര്‍ണാടക) യഥാക്രമം ഒന്നും രണ്ടും റണ്ണറപ്പ് സ്ഥാനങ്ങള്‍ സ്വന്തമാക്കി. കോര്‍പ്പറേറ്റ് വിഭാഗത്തില്‍ സായി മിത്ര കണ്‍സ്ട്രക്ഷന്‍സ് (ഹൈദരാബാദ്, തെലങ്കാന) ഒന്നാം റണ്ണര്‍ അപ്പായും നെക്സസ് കണ്‍സള്‍ട്ടിംഗ്, ബെംഗളൂരു രണ്ടാം റണ്ണര്‍ അപ്പായും തിരഞ്ഞെടുക്കപ്പെട്ടു.
സെമി ഫൈനലിലേയ്ക്കുള്ള മത്സരാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നതിനുള്ള ക്വിസ് മത്സരങ്ങള്‍ വിവിധ ഘട്ടങ്ങളിലായി ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. തുടര്‍ന്ന് സ്കൂള്‍, കോളേജ്, കോര്‍പ്പറേറ്റ് വിഭാഗങ്ങളിലെ സെമി ഫൈനല്‍, ഗ്രാന്‍ഡ് ഫിനാലെ മത്സരങ്ങള്‍ക്ക് കോളേജ് ക്യാമ്പസില്‍ ഓഫ്ലൈന് വേദി ഒരുക്കുകയായിരുന്നു. ഭാരത് പെട്രോളിയം കോര്പ്പറേഷന് ലിമിറ്റഡ് (ബി.പി.സി.എല്‍.) പ്രൈസ് സ്പോണ്‍സറായും, മെര്‍ച്ചന്‍ഡൈസ് സ്പോണ്‍സറായി കാക്കനാട് ആസ്ഥാനമായുള്ള ഷവര്‍മ ഡാഡിയും പരിപാടിയുമായി സഹകരിച്ചു.



















