ജയ്പൂര്‍: ‘ഓക്സിജന്‍ ശ്വസിക്കുകയും ഓക്സിജന്‍ പുറത്തുവിടുകയും ചെയ്യുന്ന ഏക മൃഗമാണ് പശു’ എന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി വസുദേവ് ദേവ്‌നാനി. അക്ഷയ് പത്ര ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്. പശുവിന്റെ ശാസ്ത്രീയ പ്രാധാന്യം മനസിലാക്കേണ്ടതുണ്ടെന്നും അത് എല്ലാവര്‍ക്കുമിടയിലും പ്രചരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
വാട്‌സ്ആപ് അടക്കമുള്ള സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന അടിസ്ഥാന രഹിതമായ സന്ദേശങ്ങള്‍ സത്യമെന്ന് തെറ്റിദ്ധരിച്ചാവും മന്ത്രിയുടെ പ്രതികരണമെന്നാണ് വിലയിരുത്തലുകള്‍. മൃഗങ്ങളുമായി ബന്ധപ്പെട്ട യു.എന്‍ ഫുഡ് ആന്റ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്റെ കണ്ടെത്തലുകള്‍ക്ക് നേര്‍വിപരീതമാണ് പശുവുമായി ബന്ധപ്പെട്ട മന്ത്രിയുടെ ഈ പരാമര്‍ശം. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ വലിയ തോതില്‍ പുറന്തള്ളുന്ന മൃഗങ്ങളില്‍ പശുവും ഉള്‍പ്പെടുമെന്ന് 2006ലെ റിപ്പോര്‍ട്ടില്‍ യു.എന്‍ സംഘടന ചൂണ്ടിക്കാട്ടിയിരുന്നു.