പാകിസ്താന് ഇന്ത്യയുടെ മുന്നറിയിപ്പ്: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സ്‌ട്രൈക്ക്

    ന്യൂഡല്‍ഹി: ആവശ്യമെങ്കില്‍ ഇനിയും സര്‍ജിക്കല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുമെന്ന് കരസേനാ മേധാവി ലഫ. ജനറല്‍ ബിപിന്‍ റാവത്ത്. ഭീകരതയും നിഴല്‍ യുദ്ധവും രാജ്യത്തിന് വെല്ലുവിളിയാണ്. ആ വെല്ലുവിളി നേരിടേണ്ടതുണ്ട്. ഇതിനായി നൂതന ആയോധന സംവിധാനം രാജ്യം വാര്‍ത്തെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചുമതലയേറ്റതിന് ശേഷമുള്ള ബിപിന്‍ റാവത്തിന്റെ ആദ്യ പ്രസംഗമാണിത്.

    ഓരോ സൈനികനും സൈന്യത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. ആരുടെ പ്രശ്‌നമായാലും ഉടന്‍ പരിഹരിക്കാന്‍ സേന മാര്‍ഗം കണ്ടെത്തും. പക്ഷേ അത് ശരിയായ രീതിയിലായിരിക്കണം ബന്ധപ്പെട്ടവരെ അറിയിക്കേണ്ടത്. ഇതിനായി സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് ശരിയല്ല. സൈന്യത്തിലെ പ്രശ്‌ന പരിഹാരത്തിനായി കൂടുതല്‍ പരാതിപ്പെട്ടികള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    ഇന്ത്യ ഒരു മതേതര രാജ്യമാണ്. രാജ്യത്തിന്റെ ശക്തമായ നിലനില്‍പ്പാണ് സൈന്യത്തിന്റെ ലക്ഷ്യം. അതിനുവേണ്ട നടപടികള്‍ സൈന്യം സ്വീകരിക്കും. സൈന്യത്തിന്റെ നിതാന്ത ജാഗ്രതയിലൂടെ കാശ്മീരിലെ സമാധാനം തുടര്‍ന്നുകൊണ്ടുപോകാന്‍ സാധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.