മുംബൈ: നായകനായ അവസാനമത്സരത്തില്‍ ധോണിക്ക് തോല്‍വിയോടെ മടക്കം. ഇംഗ്ലണ്ട് ഇലവനോട് മൂന്ന് വിക്കറ്റിനാണ് ഇന്ത്യ എ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഒാവറില്‍ 304 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ഏഴ് പന്ത് ശേഷിക്കെ ലക്ഷ്യത്തിലെത്തി.
സാം ബില്ലിംഗ്സ്(93), ജേസണ്‍ റോയ്(62), ജോസ് ബട്ലര്(46), അലക്സ് ഹെയ്ല്‍സ്(43), ലിയാം ഡോസണ്(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയമൊരുക്കിയത്. ഇന്ത്യക്കായി കുല്‍ദീപ് യാദവ് അഞ്ചു വിക്കറ്റ് നേടി.
10 ഓവറില്‍ 60 റണ്‍സ് വഴങ്ങിയായിരുന്നു കുല്‍ദീപിന്റെ പ്രകടനം. നായകനായ അവസാന മത്സരത്തില്‍ ബാറ്റുകൊണ്ട് കരുത്തുകാട്ടി ആരാധകരെ കൈയിലെടുത്ത് മഹേന്ദ്ര സിംഗ് ധോണി. സെഞ്ചുറി കുറിച്ച അമ്ബാട്ടി റായിഡു, അര്‍ധസെഞ്ചുറികളുമായി കളംനിറഞ്ഞ യുവരാജ് സിംഗ്, ശിഖര്‍ ധവാന് എന്നിവരുടെ മികവിലാണ് ഇന്ത്യ വമ്പന്‍ സ്കോര്‍ സ്വന്തമാക്കിയത്.
അമ്പാട്ടി റായിഡു 100 റണ്‍സെടുത്ത് റിട്ടേര്‍ഡ് ഹര്‍ട്ടായി. 97 പന്തില്‍ 11 ഫോറും ഒരു സിക്സും സഹിതമാണ് റായിഡുവിന്റെ ഇന്നിംഗ്സ്. ധവാന്-63, യുവരാജ്-56 എന്നിങ്ങനെയായിരുന്നു സീനിയര്‍ താരങ്ങളുടെ സംഭാവന. നായകനെന്ന നിലയില്‍ അവസാന മത്സരത്തിനിറങ്ങിയ ധോണി പുറത്താകാതെ 68 റണ്‍സെടുത്തു.
40 പന്തില്‍ എട്ട് ഫോറും രണ്ട് സിക്സും സഹിതമാണ് ധോണിയുടെ വെടിക്കെട്ട് ബാറ്റിംഗ്. അവസാന ഓവറില്‍ 23 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. അതേസമയം, ആറാം നമ്പറിലിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് നേരിട്ട ആദ്യ പന്തില്‍തന്നെ പുറത്തായി.