അഞ്ചുവയസ്സുകാരിക്ക് ആശ്വാസമേകി മമ്മൂട്ടിയുടെ വാത്സല്യം പദ്ധതി

മൂത്രനാളിയിലുണ്ടായ തടസ്സംമൂലം ബുദ്ധിമുട്ടനുഭവിച്ച അഞ്ചുവയസ്സുകാരിക്ക് ആശ്വാസമായി നടൻ മമ്മൂട്ടിയുടെ ‘വാത്സല്യം’ പദ്ധതി. കുഞ്ഞിന് ആലുവ രാജഗിരി ആശുപത്രിയിൽ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചു. കെയർ ആൻഡ് ഷെയർ ഇന്റർനാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേർന്ന് നടത്തുന്ന വാത്സല്യം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തൃശ്ശൂർ സ്വദേശിയുടെ മകളുടെ ശസ്ത്രക്രിയ നടത്തിയത്. രാജഗിരി ആശുപത്രിയിൽ പീഡിയാട്രിക് റോബോട്ടിക് സർജൻ ഡോ. വിനീത് ബിനുവിന്റെ നേതൃത്വത്തിലാണ് പൈലോപ്ലാസ്റ്റി ശസ്ത്രക്രിയ സൗജന്യമായി നടത്തിയത്. നടൻമമ്മൂട്ടിയുടെനേതൃത്വത്തിൽ സാമ്പത്തികമായി പ്രയാസപ്പെടുന്ന കുടുംബങ്ങളിലെ 14 വയസ്സിൽതാഴെയുള്ള കുട്ടികൾക്ക് റോബോട്ടിക് ശസ്ത്രക്രിയകൾ സൗജന്യമായി നൽകുന്ന പദ്ധതിയാണ് ’വാത്സല്യം’. പൈലോപ്ലാസ്റ്റി, യൂറിറ്ററിക് റീ-ഇംപ്ലാന്റേഷൻ, കോളിഡോക്കൽ സിസ്റ്റ്, ഫണ്ടോപ്ലിക്കേഷൻ, ജന്മനാ നെഞ്ചിൽ കാണുന്ന മുഴകൾ നീക്കുന്നതിനുള്ള സർജറി ഉൾപ്പെടെ അർഹരായവർക്ക് സൗജന്യമായി ചെയ്തുനൽകുമെന്ന് രാജഗിരി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജോൺസൻ വാഴപ്പിള്ളി വ്യക്തമാക്കി.