പാഷൻ ഫ്രൂട്ട് കഴിക്കാറുണ്ടോ? തെക്കേ അമേരിക്കയാണ് ഇതിന്റെ സ്വദേശമെങ്കിലും കേരളത്തിൽ ഏറെ സുലഭമായ ഒരു പഴമാണിത്. പാഷൻ ഫ്രൂട്ടിൽ 76% ജലാംശം ആണ്. ഇതിൽ അവശ്യ വൈറ്റമിനുകളും ധാതുക്കളും ആന്റി ഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഫ്രൂട്ടിൽ 10.4 ഗ്രാം നാരുകൾ ഉള്ളതായാണ് വിദക്തർ പറയുന്നത്. ഇതു ദഹനത്തിനു സഹായിക്കുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും, മലബന്ധം തടയുകയും ചെയ്യുന്നു. മാത്രമല്ല കൊളസ്ട്രോൾ കുറച്ച് ഹൃദയത്തെ സംരക്ഷിക്കുന്നു. ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും കോശ സമ്മർദ്ദം കുറയ്ക്കുകയും , ആന്റി ഫംഗൽ ഗുണങ്ങളുള്ളതുമായ ഒരു ഡൈമെറിക് പ്രോട്ടീൻ പാഷൻ ഫ്രൂട്ടിലുണ്ട് എന്ന് വിദക്തർ സൂചിപ്പിക്കുന്നു. കുറഞ്ഞ ഗ്ലൈസീമിക് സൂചികയുള്ള പഴമായതിനാൽ ഇതു പ്രമേഹരോഗികൾക്കും ഉപയോഗിക്കാംമെന്നു വിതക്തഭിപ്രായമുണ്ട്. ഇൻസുലിൻ സംവേദന ക്ഷമത മെച്ചപ്പെടുത്താൻ കഴിയുന്ന പിസിയാറ്റനോൾ എന്ന ഒരു സംയുക്തം പാഷൻ ഫ്രൂട്ടിലുണ്ട്. വൈറ്റമിൻ സി, വൈറ്റമിൻ എ, കരോട്ടിൻ, പൊട്ടാസ്യം, കാത്സ്യം, സോഡിയം, ഇരുമ്പ് എന്നിവയാൽ സമ്പുഷ്ടമാണ് പാഷൻ ഫ്രൂട്ട്. എന്നാൽ പാഷൻ ഫ്രൂട്ടിന്റെ തൊലി കഴിക്കരുത്. ഇതിൽ സയനൈഡിന്റെ അംശമുള്ള സയനോജനിക് ഗ്ലൈക്കോസൈഡുകൾ ചെറിയ അളവിൽ അടങ്ങിയിട്ടുണ്ടെന്നും വിദക്തർ നിർദേശം നൽകുന്നു.

















