കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിലെ ധാരാശിവ് സിറ്റിയില്‍ കോളേജ് പരിപാടിയില്‍ പ്രസംഗിക്കുന്നതിനിടെ കോളേജ് വിദ്യാര്‍ഥി കുഴഞ്ഞുവീണുമരിച്ചതായി റിപ്പോര്‍ട്ട്. ഇരുപതുകാരിയായ വര്‍ഷ ഖാരാട്ട് ആണ് കുഴഞ്ഞുവീണു മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോളേജിലെ പരിപാടിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ചുറ്റുമുള്ളവര്‍ ഓടിയടുത്ത് ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷപ്പെടുത്തനായില്ല. ഉത്തര്‍പ്രദേശിലെ ബറേലിയില്‍ നിന്നും അടുത്തിടെ സമാനസംഭവം സംഭവിച്ചേരുന്നു. ഭാര്യക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് 50 വയസ്സുകാരനായ വസിം സര്‍വാര്‍ കുഴഞ്ഞുവീണത്. അടുത്തിടേയായി യുവാക്കള്‍ക്കിടയിലെ ഹൃദയാഘാതനിരക്ക് വര്‍ധിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ 3വര്‍ഷത്തിനിടെ മാത്രം ഹൃദ്രോഗസംബന്ധമായ രോഗങ്ങള്‍ കാരണം മരണപ്പെടുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും അടുത്തിടെ സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2020-ല്‍ 28,759 2021-ല്‍ 28,413 2022-ല്‍ 32,457 എന്നിങ്ങനെയാണ് പുറത്തുവിട്ട കണക്കുകള്‍. നിരന്തരം ചെക്കപ്പുകള്‍ നടത്തുകയും ഹൃദയാരോഗ്യം പരിശോധിക്കുകയും ചെയ്യണമെന്നാണ് വിദഗ്ധര്‍ വ്യക്തമാക്കുന്നത്. വ്യായാമത്തില്‍ വിട്ടുവീഴ്ച്ച ചെയ്യാതിരിക്കുകയും ആരോഗ്യകരമായ ഭക്ഷണശീലം പാലിക്കുകയും മതിയായ ഉറക്കം ലഭ്യമാക്കുകയും പുകവലി, മദ്യപാനം എന്നീ ദുശ്ശീലങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം തടയാമെന്നും വിദഗ്ധര്‍ വ്യക്തമാക്കി.