മലബാറിലെ ആദ്യത്തെ ABO-ഇൻകോംപാറ്റിബിൾ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയാതായി റിപ്പോർട്ട്. കോഴിക്കോട് മേയ്ത്ര ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തിയത്. തിരുവനന്തപുരത്ത് നിന്നുള്ള 42 വയസ്സുള്ള രോഗിക്ക് കുടുംബത്തിൽ രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവ് ഇല്ലാത്ത സാഹചര്യത്തിൽ, വ്യത്യസ്ത രക്തഗ്രൂപ്പുള്ള അദ്ദേഹത്തിന്റെ ഭാര്യയാണ് കരൾ ദാനം ചെയ്തത്. പൊതുവെ അതിസങ്കീർണമായി കണക്കാക്കപ്പെടുന്ന ABO-ഇൻകോംപാറ്റിബിൾ ട്രാൻസ്പ്ലാൻറിന് ശസ്ത്രക്രിയയ്ക്ക് ആഴ്ചകൾ മുമ്പ് തന്നെ രോഗപ്രതിരോധ സംവിധാനം തയ്യാറാക്കുന്ന പ്രത്യേക ചികിത്സകൾ ആവശ്യമാണ്. പ്ലാസ്മാഫെറെസിസ്, ഇമ്യൂണോസപ്രസ്സീവ് മരുന്നുകൾ തുടങ്ങിയവയുടെ സഹായത്തോടെ രോഗിയുടെ ശരീരത്തിൽ നിന്ന് ആന്റിബോഡികളെ നീക്കംചെയ്യുകയും മാറ്റിവയ്ക്കപ്പെട്ട കരളിനെ സുരക്ഷിതമാക്കുകയും ചെയ്യുന്നു. രക്തഗ്രൂപ്പ് പൊരുത്തപ്പെടുന്ന ദാതാവിന്റെ അഭാവം ഇനി കരൾ മാറ്റിവയ്ക്കലിന് ഒരു തടസ്സമല്ല എന്ന് ഡോ. കെ. മുഹമ്മദ് വ്യക്തമാക്കി. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള ഇമ്യൂണോ-മോഡുലേഷൻ നടപടികൾ ശരിയായി നടത്തുന്നതിലൂടെ സുരക്ഷിതമായി ABO-ഇൻകോംപാറ്റിബിൾ ട്രാൻസ്പ്ലാൻറുകൾ നടപ്പിലാക്കാൻ സാധിക്കും. ഇതിലൂടെ ദാതാക്കളുടേയും രോഗികളുടേയും സാധ്യതകൾ വർദ്ധിപ്പിക്കാനാകും എന്ന് ഡോ. ജിജോ വി ചെറിയാൻ ചൂണ്ടിക്കാട്ടി. ഇത്തരം സങ്കീർണ്ണമായ ശസ്ത്രക്രിയകളുടെ വിജയത്തിൽ, മെഡിക്കോ-സർജിക്കൽ വൈദഗ്ദ്ധ്യത്തോടൊപ്പം, ആധുനിക സൗകര്യങ്ങൾ, ശസ്ത്രക്രിയാനന്തര തീവ്രപരിചരണം, അണുവിമുക്ത അന്തരീക്ഷം എന്നിവയും നിർണായകമാണ്.