സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്

സംസ്ഥാനത്ത് ചൂട് കൂടിയതോടെ മുണ്ടിനീര് ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടുന്നതായി റിപ്പോർട്ട്. എല്ലാ കാലാവസ്ഥയിലും മുണ്ടിനീര് ബാധിക്കാറുണ്ടെങ്കിലും ചൂടേറിയ കാലാവസ്ഥയിലാണ് മുണ്ടിനീര് കൂടുതലായി കണ്ടുവരുന്നതെന്ന് ആരോഗ്യവിദഗ്ധര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ഒന്നര മാസത്തിനിടെ 9,763 പേര്‍ക്കാണ് മുണ്ടിനീര് സ്ഥിരീകരിച്ചത്. 2025 ജനുവരി ഒന്നുമുതല്‍ ഫെബ്രുവരി 14 വരെയുള്ള കണക്കാണിത്. 2024ല്‍ സംസ്ഥാനത്താകെ 74,907 പേരാണ് മുണ്ടിനീര് ബാധിച്ച് ചികിത്സ തേടിയത്. രോഗം പകരുന്നതിനുള്ള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നിർദ്ദേശം നൽകി. 5 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരിലും ഇത് കാണപ്പെടാറുണ്ട്. എം.എം.ആര്‍. പ്രതിരോധ വാക്‌സിനെടുക്കുന്നതിലൂടെ മുണ്ടിനീര് പ്രതിരോധിക്കാം. എന്നാൽ സര്‍ക്കാര്‍ ആശുപത്രികളില്‍ എം.എം.ആര്‍. വാക്‌സിന്‍ സൗജന്യവിതരണമില്ല. പുറത്തുനിന്ന് മരുന്ന് വാങ്ങി നല്‍കിയാല്‍ വാക്‌സിനെടുത്ത് നല്‍കുമെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ ചൂണ്ടിക്കാട്ടി.