ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു

ഭാവഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലിരിക്കെ ആയിരുന്നു അന്ത്യം സംഭവിച്ചത്. ഇന്നലെ വൈകിട്ട് വീട്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഏഴേമുക്കാലോടെ മരണം സംഭവിക്കുക ആയിരുന്നു. മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടിയ പി ജയചന്ദ്രൻ വിവിധ ഭാഷകളിലായി 16000ത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. ദേശീയ പുരസ്കാരവും 5തവണ മികച്ച പിന്നണി ഗായകനുള്ള കേരള സംസ്ഥാന പുരസ്കാരവും മികച്ച പിന്നണി ഗായകനുള്ള തമിഴ് നാട് സർക്കാർ പുരസ്കാരവും നേടിയിട്ടുണ്ട്. 2021ൽ കേരള സർക്കാരിൻറെ ജെ സി ഡാനിയൽ പുരസ്കാരവും ലഭിച്ചു. നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പറവൂർ ചേന്ദമം​ഗലം പാലിയത്ത് വീട്ടിലായിരിക്കും സംസ്കാരം.