അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെയും പ്രായമായവരെയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയറിളക്കമാണെന്ന് പഠന റിപ്പോർട്ട്. വയറിളക്ക രോഗങ്ങൾ മൂലം 2021-ൽ 1.2 ദശലക്ഷം മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഓറൽ റീഹൈഡ്രേഷൻ തെറാപ്പി, മെച്ചപ്പെട്ട ശുചിത്വം, റോട്ടാവൈറസിനെതിരായ ആഗോള വാക്സിനേഷൻ പ്രോഗ്രാമുകൾ തുടങ്ങിയവയുടെ ആവശ്യകതയെയും പഠനം ഊന്നി പറയുന്നു. പ്രതിവർഷം 4,43, 832 കുട്ടികളാണ് വയറിളക്കം മൂലം മരണമടയുന്നത്. പോഷകാഹാരക്കുറവുള്ള, പ്രതിരോധശേഷി കുറവുള്ള കുട്ടികൾ, എച്ച്.ഐ.വി ബാധിതരായ ആളുകൾ എന്നിവരിൽ വയറിളക്കം സാരമായി ബാധിച്ചേക്കാം. ആഹാരത്തിന്റെ പ്രശ്നങ്ങള്‍ കൊണ്ടും ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടും വയറിളക്കം ഉണ്ടാകാം. വയറിളക്കം ജലജന്യ രോഗങ്ങളില്‍പ്പെട്ടതാണ്. രോഗിയുടെ വിസര്‍ജ്യത്തിലൂടെയാണ് അണുക്കള്‍ മറ്റുള്ളവരിലേക്ക് എത്തുന്നത്. വിഷബാധയുള്ള വസ്തുക്കള്‍, ഭക്ഷണങ്ങള്‍, ബാക്ടീരിയകള്‍ എന്നിവയാണ് പ്രധാനമായും വയറിളക്കത്തിലേക്ക് നയിക്കുന്നത്. വയറിളക്കത്തിന് വേണ്ടത്ര ശ്രദ്ധ നല്‍കിയില്ലെങ്കില്‍ നിര്‍ജ്ജലീകരണം ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ട്. ദി ലാൻസെറ്റ് ഇന്ഫക്ഷന്സ് ഡിസീസസ് ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. യുഎസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിലെ മെട്രിക്സ് ആൻഡ് ഇവാലുവേഷനിലെ ഗവേഷകയാണ് പഠനം നടത്തിയത്.