ഭിന്നശേഷിക്കാര്‍ക്ക് താങ്ങായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കൃത്രിമ അവയവനിര്‍മാണകേന്ദ്രം

ഭിന്നശേഷിക്കാര്‍ക്ക് താങ്ങായി തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ കൃത്രിമ അവയവനിര്‍മാണകേന്ദ്രം. ഒരുവര്‍ഷം ശരാശരി 350 പേര്‍ക്കാണ് ഈ കേന്ദ്രത്തില്‍നിന്ന് സൗജന്യമായി അവയവങ്ങള്‍ നല്‍കുന്നത് എന്നാണ് മാധ്യമ റിപോര്‍ട്ടുകള്‍. വിവിധ അപകടങ്ങളില്‍ കൈകാലുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഗുണനിലവാരമുള്ള കൃത്രിമ കൈകാലുകള്‍ ഇവിടെനിന്ന് നല്‍കും. കൈകാലുകള്‍ക്ക് ബലഹീനത സംഭവിക്കുന്ന പക്ഷാഘാതം, സുഷുമ്‌നാനാഡിക്ക് പരിക്കേറ്റവര്‍, നട്ടെല്ലിന് തകരാറുള്ളവര്‍, സെറിബ്രല്‍ പാള്‍സി, എല്ലിനും നാഡിക്കും രോഗമുള്ളവര്‍ തുടങ്ങിയവര്‍ക്ക് സഹായകമായ ഉപകരണങ്ങളും ഇവിടെ നിര്‍മിക്കുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു മുന്‍ഗണനക്രമത്തിലാണ് ഇവ നല്‍കുന്നത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍, കുട്ടികള്‍, മറ്റു ചികിത്സാപദ്ധതികളില്‍ ഉള്‍പ്പെട്ടവര്‍ എന്നിവര്‍ക്ക് ഉപകരണങ്ങള്‍ പൂര്‍ണമായും സൗജന്യമാണ്. ദാരിദ്ര്യരേഖയ്ക്കു മുകളിലുള്ളവര്‍ക്ക് ചുരുങ്ങിയ തുകയ്ക്കും ഉപകരണങ്ങള്‍ ലഭിക്കും. തൃശ്ശൂരിനു പുറമേ തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലും കൃത്രിമ അവയവനിര്‍മാണകേന്ദ്രം പ്രവര്‍ത്തിക്കുന്നുണ്ട്.