തെളിവധിഷ്ഠിതമായ ഗവേഷണത്തിലൂടെ സിദ്ധ വൈദ്യശാസ്ത്രത്തിന് മുന്നേറാനാകണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങളിലൂടെ പാരമ്പര്യ വൈദ്യശാസ്ത്രം ജനകീയമാകുകയും വേണം. ഏത് വൈദ്യശാസ്ത്രത്തിലും ഗവേഷണം വളരെ പ്രധാനമാണ്. ഭാരതീയ ചികിത്സാ ശാസ്ത്രത്തിന് കാലഘട്ടത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. അതിനുതകുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. വെല്‍നെസിനായും ചികിത്സയ്ക്കായും ആഗോളതലത്തില്‍ നിന്നും ധാരാളം പേര്‍ കേരളത്തിലെത്തുന്നുണ്ട്. കേരളത്തെ ഹെല്‍ത്ത് ഹബ്ബാക്കുമ്പോള്‍ അതില്‍ ആയുഷിന്റെ എല്ലാ മേഖലയേയും പരിഗണിക്കും. 4 പുതിയ സിദ്ധ വര്‍മ്മ യൂണിറ്റുകളും ജീവിതശൈലി രോഗ നിവാരണത്തിനുള്ള 2 സ്‌പെഷ്യാലിറ്റി ക്ലിനിക്കുകളും ഈ വര്‍ഷം പ്രവര്‍ത്തനമാരംഭിക്കുന്നതാണ്. ചെന്നൈ ആസ്ഥാനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധയുമായി ചേര്‍ന്ന് ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. എട്ടാമത് സിദ്ധ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നിര്‍വഹിച്ച് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.