തൊഴിലിടങ്ങളിലെ യുവാക്കൾ നേരിടുന്ന സമ്മർദം ശാസ്ത്രീയ പഠനത്തിന് വിധേയമാക്കുമെന്ന് യുവജന കമ്മിഷൻ ചെയർമാൻ എം.ഷാജർ. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. തൊഴിലിടങ്ങളിലെ മാനസിക സമ്മർദവും ആത്മഹത്യാ പ്രവണതയും വിശകലനം ചെയ്യും. തൊഴിൽ മേഖലയിൽ നേരിടുന്ന സമ്മർദം ലഘൂകരിക്കുകയാണ് പഠനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഐ.ടി, ടെക്‌സ്റ്റയിൽസ് തുടങ്ങി വിവിധങ്ങളായ മേഖലകൾ കേന്ദ്രീകരിച്ചാണ് പഠനം നടത്തുക. അഞ്ചംഗ വിദഗ്ധ സമിതിയുടെ നേതൃത്വത്തിൽ സൈക്കോളജി, സോഷ്യോളജി വിദ്യാർഥികൾ പഠനത്തിന്റെ ഭാഗമായി വിവരങ്ങൾ ശേഖരിക്കും. 2025 ഏപ്രിലോടെ പഠനം പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നും ചെയർമാൻ വ്യക്തമാക്കി.