കുവൈത്തിലെ ഗള്‍ഫ് ബാങ്കില്‍ നിന്ന് ശമ്പള സര്‍ട്ടിഫിക്കറ്റ് ജാമ്യം നല്കി കോടികള്‍ വായ്പ എടുത്ത ശേഷം അവിടത്തെ ജോലി അവസാനിപ്പിച്ചു നാട്ടിലേക്കും വിദേശ രാജ്യങ്ങളിലേക്കും കടന്ന മലയാളികള്‍ക്കെതിരെ കേരളത്തില്‍ എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തു പൊലീസ് അന്വേഷണം തുടങ്ങി. ദക്ഷിണ മേഖല ഐജിയാണ് അന്വേഷണം ഏകോപിപ്പിക്കുന്നത്. ലോക്കല്‍ സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകള്‍ ക്രൈംബ്രാഞ്ചിനു കൈമാറും. എറണാകുളം, കോട്ടയം ജില്ലകളിലായി നിലവില്‍ 10 കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ എട്ടെണ്ണവും എറണാകുളം റൂറല്‍ ജില്ലയിലാണ്. ‘ഗള്‍ഫ് ബാങ്ക് കുവൈത്ത് ഷെയര്‍ ഹോള്‍ഡിങ് കമ്പനി പബ്ലിക്’ എന്ന സ്ഥാപനത്തില്‍ നിന്ന് 1400ല്‍ പരം മലയാളികള്‍ 700 കോടി രൂപ തട്ടിയെടുത്തെന്നാണ് പ്രാഥമിക വിവരം. ഇവരില്‍ ഭൂരിഭാഗവും മലയാളി നഴ്സുമാരാണെന്നാണ് കുവൈത്ത ബാങ്ക് അധികൃതര്‍ സംസ്ഥാന പൊലീസിനെ അറിയിച്ചത്. ഗള്‍ഫ് ബാങ്കിന്റെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ മുഹമ്മദ് അബ്ദുല്‍ വാസി കമ്രാന്‍ കേരളത്തില്‍ എത്തി 2020 – 22 കാലത്ത് നടന്ന തട്ടിപ്പിന്റെ വിശദ വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പരാതികളില്‍ വായ്പ എടുത്തവരുടെ നാട്ടിലെ വിലാസമുണ്ട്. തട്ടിപ്പു നടത്തിയ ശേഷം ഇവരില്‍ പലരും ഇന്ത്യയിലേക്കു കടന്നുകളഞ്ഞുവെന്നാണ് പരാതി. കുവൈത്തില്‍ നിന്ന് കാനഡ, യുകെ, യുഎസ് എന്നിവിടങ്ങളിലേക്ക് കുടിയേറിയവരുമുണ്ട്. വ്യാപകമായ തട്ടിപ്പിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നും സംശയിക്കുന്നു. 2020 സെപ്റ്റംബറിലാണ് തട്ടിപ്പിന്റെ തുടക്കം. 3 മാസം മുന്‍പാണ് ബാങ്ക് അധികൃതര്‍ ഇതു കണ്ടെത്തിയത് എന്നാണ് വിവരം.