തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇന്ത്യയില്‍ ഏറ്റവും അധികം സൗജന്യ ചികിത്സ നല്കുന്ന സംസ്ഥാനമാണ് കേരളം എന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പരമാവധി പേര്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും, ഈ സര്‍ക്കാരിന്റെ ആരംഭത്തില്‍ 2.5 ലക്ഷം ആളുകള്‍ക്കാണ് പ്രതിവര്‍ഷം സൗജന്യ ചികിത്സ നല്കിയതെങ്കില് 2024ല്‍ 6.5 ലക്ഷം പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കിയതായും മന്ത്രി കൂട്ടിച്ചേര്‍ത്തു. അനുഭവ സദസ് 2.0 ദേശീയ ശില്പശാല ഓണ്‍ലൈനിലൂടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ 5 ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ ലഭിക്കുന്ന കാസ്പ് പദ്ധതിയുടെ കീഴിലുള്ള 42 ലക്ഷം ഗുണഭോക്താക്കളില്‍ 20 ലക്ഷത്തിലധികം പേര്‍ക്കും പൂര്‍ണമായും സംസ്ഥാനമാണ് ധനസഹായം നല്‍കുന്നത്. വിവിധ സൗജന്യ ചികിത്സകള്‍ക്കായി പ്രതിവര്‍ഷം 1600 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. എന്നാല്‍ കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നത് 150 കോടി രൂപ മാത്രമാണ്. മൊത്തം ചെലവിന്റെ 10 ശതമാനം മാത്രമാണ് കേന്ദ്രം അനുവദിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.