(Gayathri Pradeep)
സ്ത്രീകൾക്ക് ജീവിതത്തിൽ ഒരിക്കലെങ്കിലും സ്വകാര്യ ഭാഗങ്ങളിൽ അനുഭവപെട്ടിട്ടുള്ള ഒരു അണുബാധയാണ് വജൈനല്‍ യീസ്റ്റ് ഇന്ഫക്ഷൻ. നമ്മുടെ നാട്ടിൽ പഴമക്കാർ ഇതിനെ പറയുന്നത് അസ്ഥി ഉരുകി പോകുന്നതാണെന്നാണ്. എന്നാൽ ഇതിന് അസ്ഥിയുമായി യാതൊരു ബന്ധവുമില്ല എന്നതാണ് വസ്തുത.
“വജൈനല്‍ യീസ്റ്റ് ഇന്ഫക്ഷൻ” പേരു കേള്‍ക്കുമ്പോള്‍ ഇത് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു അസുഖമാണ് എന്ന് തെറ്റിധരിക്കേണ്ട. നമ്മള് പലപ്പോഴും നനഞ്ഞ അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നതും, യോനിയില്‍ ഈര്‍പ്പം നിലനില്ക്കുന്നതുമൊക്കെയാണ് വജൈനല്‍ യീസ്റ്റ് ഇന്‍ഫക്ഷന്റെ പ്രധാന കാരണങ്ങൾ. അതിൽ പ്രധാനം ലൈംഗികാവയവങ്ങളല് വിയര്‍പ്പ് ദീര്‍ഘനേരം അടിഞ്ഞിരിക്കുന്നതും അതേപോലെ മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ കഴുകാത്തതും കഴുകിയാല്‍ വെള്ളം നന്നായി തുടച്ചു നീക്കാത്തതുമെല്ലാം വജൈനല്‍ യീസ്റ്റ് ഇന്ഫക്ഷന് കാരണമാകുവാറുണ്ട്. പല അസുഖങ്ങള്‍ക്ക് ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നവരില്‍ ഈ അസുഖം സാധാരണയായി കണ്ടുവരാറുണ്ട്. അതുപോലെതന്നെ പ്രഗ്നന്റായിരിക്കുന്ന സമയത്തും വജൈനല്‍ യീസ്റ്റ് ഇന്ഫക്ഷന് സാധ്യത കൂടുതലാണ്. ശരീരത്തില്‍ ഷുഗറിന്റെ അളവ് കൂടുതലുള്ളവരിലും പിരിയഡ്സിന്റെ സമയത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനം മൂലവും അമിതമായി സ്ട്രെസ്സ് അനുഭവിക്കുന്നവരിലും ഈ അണുബാധ കൂടുതലായിരിക്കും. പഴകിയ അടിവസ്ത്രങ്ങൾ ഒരു പാട് കാലം ഉപയോഗിക്കുന്നതും ഇന്‍ഫെക്ഷനുകൾക്ക് കാരണമാകാം.
നമ്മുടെ വായിലും, ലൈംഗികാവയവങ്ങളിലും കാണപ്പെടുന്ന കാൻഡിഡ ഫംഗസാണ് ഈ രോഗത്തിന് കാരണം. നമുക്കറിയാം സ്ത്രീകളുടെ യോനിഭാഗത്ത് സ്വാഭാവിക വെള്ളനിറത്തിലെ നനവും, ചില അണുക്കളും കാണപ്പെടാറുണ്ട്. എന്നാൽ സ്വകാര്യ ഭാഗങ്ങളിലെ ഇത്തരം അണുക്കളുടെ അമിത വളർച്ച മൂലമാണ് സാധാരണയായി ഈ രോഗാവസ്ഥ കാണപ്പെടുന്നത്. ചിലരില്‍ വളരെ ചെറിയ രീതിയില്‍ മാത്രമായിരിക്കും ഈ ഇന്‍ഫെക്ഷന്റെ പ്രത്യാഘാതങ്ങള്‍ കാണുന്നത്. എന്നാല്‍ ഒട്ടുമിക്കവരിലും ഒരു ഗൈനെക്കോളജിസ്റ്റിനെ കാണിച്ച് ചികിത്സ തേടേണ്ട അവസ്ഥയാണ് ഇത്. പ്രധാനമായും സ്ത്രീകളിലാണ് ഇത് കൂടുതലായി കണ്ടുവരുന്നതെങ്കിലും ലൈംഗികബന്ധത്തിലൂടെ പുരുഷന്മാരിലേക്കും ഈ ഫംഗസ് പകരാനുള്ള സാധ്യതയുണ്ട്.
ഈ അണുക്കൾ വലിയ രീതിയിൽ അപകടസാധ്യതകൾ ഒന്നും കാണിക്കില്ലെങ്കിൽ പോലും ഇത് തികച്ചും അശുഭകരമായ ഒരു രോഗാവസ്ഥയാണ് ഉണ്ടാക്കുക. മിക്ക ആളുകളിലും ഇത് വേദനയും അസ്വസ്ഥതയും ഉണ്ടാക്കുക മാത്രമല്ല, ഒരു വ്യക്തിയുടെ ദൈനംദിന ജോലികളെ പോലും ബുദ്ധിമുട്ടിലാക്കി തീർക്കുകയും ചെയ്യുന്നു. അസഹനീയമായ ചൊറിച്ചിൽ, യോനി ഭാഗത്തെ വീക്കം, യോനിഭാഗത്ത് പെട്ടെന്നുണ്ടാവുന്ന ചുവപ്പ് നിറം, ദുർഗന്ധം എന്നിവയെല്ലാം ഈ അണുബാധ ഉണ്ടാക്കുന്ന അസ്വസ്ഥതകളാണ്.
യോനിയില്‍ തുടര്‍ച്ചയായി അനുഭവിപ്പെടുന്ന ചൊറിച്ചില്‍ ആണ് ഈ അസുഖത്തിന്റെ പ്രധാന ലക്ഷണം. ഇത്തരം അണുബാധയുള്ളവരില്‍ തുടര്‍ച്ചയായി നല്ല കട്ടിയില്‍ വജൈനല്‍ ഡിസ്ചാര്‍ജ് പോവുകയും ഇതുമൂലം ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യും. അതുവഴി സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ ഉണ്ടാകുകയും ചെയ്യാം. ഇത് ഇന്‍ഷക്ഷന്‍ കൂടാൻ കാരണമാകും. മാത്രമല്ല മൂത്രമൊഴിച്ചു കഴിഞ്ഞതിനുശേഷമോ അല്ലെങ്കില്‍ ലൈംഗിക ബന്ധത്തിനുശേഷമോ യോനിയിൽ നല്ല പുകച്ചില്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ അല്ലെങ്കിൽ അടിവയറ്റിൽ വേദന അനുഭവപ്പെടുകയോ ഒക്കെ ഉണ്ടെങ്കിൽ വജൈനല്‍ യീസ്റ്റ് ഇന്‍ഫക്ഷന്റെ ലക്ഷണമാണ്. സ്വകാര്യ ഭാഗങ്ങളിൽ നീരുവന്ന് വീർക്കുന്നതും, ചുവക്കുന്നതും, തടിപ്പുകൾ പ്രത്യക്ഷപെടുകയുമൊക്കെ ചെയ്താൽ തീർച്ചയായും സ്വയം ചികിത്സ നടത്താതെ ഡോക്ടറെ സമീപിക്കേണ്ടതാണ്. യീസ്റ്റ് അണുബാധയുള്ളവരില്‍ തുടര്‍ച്ചയായി നല്ല കട്ടിയില്‍ തൈര് പോലെ വെള്ളനിറത്തിൽ തുടർച്ചയായി വജൈനല്‍ ഡിസ്ചാര്‍ജ് പോകുന്നതും കാണാറുണ്ട്.
സ്ഥിരമായി യീസ്റ്റ് ഇൻഫെക്ഷൻ അനുഭവിക്കുന്നവർക്ക് അവരുടെ ഡയറ്റിൽ തൈര്, ഇഞ്ചി, പച്ച മഞ്ഞൾ, എന്നിവ ഉൾപ്പെടുത്തുന്നത് നല്ലതാണു എന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. അതുപോലെ അമിതമായുള്ള പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക, കൃത്യ സമയത്ത് ഭക്ഷണം കഴിക്കുക, പോഷക സമ്പന്നമായ ഭക്ഷണം കഴിക്കുക എന്നിവയൊക്കെ വജൈനല്‍ യീസ്റ്റ് ഇന്ഫക്ഷൻ വരുന്നത് തടയാൻ സഹായിക്കും. രണ്ടുനേരവും അടിവസ്ത്രം മാറ്റുന്നതും ഇത്തരം അസുഖങ്ങള്‍ വരാതിരിക്കുവാന്‍ സഹായിക്കും.
പ്രകൃതിദത്തമായ പ്രോബയോട്ടിക് ഗുണങ്ങൾ അടങ്ങിയിട്ടുള്ള തൈരിൽ നല്ല ബാക്ടീരിയകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൻ്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും PH ബാലൻസ് നിലനിർത്തുകയും ചെയ്യുന്നു. ഇത് യോനി പ്രദേശത്തെ ബാക്ടീരിയ അല്ലെങ്കിൽ യീസ്റ്റിന്റെ വളർച്ച തടയുകയും ചെയ്യുന്നു. വീട്ടിൽ തന്നെ തയ്യാറാക്കിയ തൈര് നേരിട്ട് ബാധിത പ്രദേശങ്ങളിൽ പുരട്ടുന്നത്. യോനി ഭാഗത്തെ നല്ല അണുക്കളെ പുനഃസ്ഥാപിക്കാൻ സഹായിക്കും. കൂടാതെ നമ്മുടെ കണ്ണുനീരിന്റെ അത്രയും ചൂടും ഉപ്പും അനുഭവപ്പെടുന്ന വെള്ളത്തിൽ Sits Bath ചെയ്യുന്നതും യീസ്റ്റ് ഇൻഫെക്ഷൻ മൂലമുള്ള സ്വകാര്യ ഭാഗങ്ങളിലെ ചൊറിച്ചിൽ അകറ്റാൻ സഹായിക്കും. അതുപോലെതന്നെ നനഞ്ഞ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. കുളിച്ചാല്‍ സ്വകാര്യഭാഗം നന്നായി വൃത്തിയാക്കുക. മൂത്രമൊഴിച്ചുകഴിഞ്ഞാല്‍ നന്നായി കളഴുകി തുടച്ചു വൃത്തിയാക്കേണ്ടതും അനിവാര്യമാണ്. ഓർക്കുക വ്യക്തി ശുചിത്വം പ്രധാനമാണ് !