റുവാണ്ട ഉള്‍പ്പെടെയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ബ്ലീഡിങ് ഐ വൈറസ്, എം.പോക്സ്, ഒറോപൗഷെ എന്നീ മാരക രോഗങ്ങള്‍ പടരുന്നതായി റിപ്പോര്‍ട്ട്. ബ്ലീഡിങ് ഐ എന്ന പേരില്‍ അറിയപ്പെടുന്ന മാര്‍ബര്‍ഗ് രോഗം ബാധിച്ച് പതിനഞ്ച് പേര് ഇതിനകം മരിച്ചതായാണ് റിപ്പോര്‍ട്ട്. നൂറിലേറെ ആളുകളെ രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. എബോള വൈറസ് ജനുസ്സില്‍പ്പെട്ടതാണ് മാര്‍ബര്‍ഗ് വൈറസ്. രോഗലക്ഷണങ്ങള്‍ക്ക് സാമ്യതയുണ്ടെങ്കിലും എബോളയും മാര്‍ബര്‍ഗും രണ്ട് വൈറസുകളാണ് പടര്‍ത്തുന്നത്. വളരെ പെട്ടന്ന് വ്യാപിക്കുന്ന മാര്‍ബര്‍ഗ് വൈറസിന് ഉയര്‍ന്ന മരണനിരക്കാണുള്ളത്. മനുഷ്യരില്‍ ഗുരുതരമായ മസ്തിഷ്ക ജ്വരവും രക്തസ്രാവവും ഉണ്ടാകാന്‍ ഇടയാക്കുമെന്നതാണ് ഇതിന്റെ കാരണം. 88 ശതമാനം വരെയാണ് ഈ രോഗത്തിന്റെ മരണനിരക്ക്. ഉയര്‍ന്ന പനി, അസഹ്യമായ തലവേദന, പേശിവേദന, ശരീരവേദന, ഛര്‍ദി, അടിവയര്‍ വേദന, വയറിളക്കം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. ഏഴുദിവസത്തിനുള്ളില്‍ ബ്രെയിന്‍ ഹെമറേജും രക്തസ്രാവവും ഉണ്ടായാണ് മരണം സംഭവിക്കുന്നത്. കൂടാതെ കണ്ണുകള്‍, മൂക്കുകള്‍, വായ, യോനി എന്നിവിടങ്ങളില്‍ നിന്ന് രക്തസ്രാവമുണ്ടാകും. മറ്റ് വൈറസ് രോഗങ്ങളില്‍ നിന്ന് മാര്‍ബര്‍ഗ് വൈറസിനെ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. മാര്‍ബര്‍ഗ് വൈറസിനായി മാത്രമുള്ള ചികിത്സാരീതി നിലവില്‍ കണ്ടുപിടിച്ചിട്ടില്ല. രോഗലക്ഷണങ്ങള്‍ക്ക് അനുയോജിച്ച . റീഹ്രൈഡ്രേഷന്‍ പോലുള്ള സപ്പോര്‍ട്ടീവ് ചികിത്സയാണ് രോഗിക്ക് നല്‍കുക. നിലവില്‍ മാര്‍ബര്‍ഗ് വൈറസിന് അംഗീകൃതമായ വാക്സിന് ലഭ്യമല്ല. പല വാക്സിനുകളും ക്ലിനിക്കല്‍ പരീക്ഷണത്തിന്റെ ആദ്യഘട്ടങ്ങളിലാണെന്നാണ് റിപ്പോര്‍ട്ട്.