ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ഗുരുതരമായി തന്നെ തുടരുകയാണ് എന്ന് റിപ്പോർട്ട്

ഡൽഹിയുടെ വായു ഗുണനിലവാര സൂചിക ഗുരുതരമായി തന്നെ തുടരുകയാണ് എന്ന് റിപ്പോർട്ട്. ശ്വസനേന്ദ്രിയ വ്യവസ്ഥയുമായി ബന്ധപ്പെട്ട അസ്വസ്ഥതകളെ തുടർന്ന് രാജ്യതലസ്ഥാനത്തെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വാക്കിങ് ന്യുമോണിയ’യെ തുടർന്ന് നിരവധിയാളുകളാണ് ആശുപത്രികളെ സമീപിക്കുന്നത്. പൂർണ തോതിലെത്തുന്ന ന്യുമോണിയ പോലെ ഗുരുതരമാകാത്ത അവസ്ഥയാണ് ‘വാക്കിങ് ന്യുമോണിയ’. മൈക്കോപ്ലാസ്മ ന്യുമോണിയെ എന്ന ബാക്ടീരിയയാണ് ‘വാക്കിങ് ന്യുമോണിയ’ക്ക് കാരണം. സാധാരണയായി ഈ ബാക്ടീരിയ ബാധമൂലമുണ്ടാകുന്ന ന്യുമോണിയയ്ക്ക് തീവ്രത കുറവായിരിക്കും. എന്നാൽ ചില കേസുകളിൽ ഇത് ഗുരുതരമായേക്കാം. പനി, തൊണ്ടവേദന, ചുമ തുടങ്ങിയവയാണ് ‘വാക്കിങ് ന്യുമോണിയ’യുടെയും ലക്ഷണങ്ങൾ. ശ്വാസം എടുക്കുന്നതിനും ചെറുതായി ബുദ്ധിമുട്ടുകളുണ്ടാകും. സാധാരണ റെസ്പിറേറ്ററി ഇൻഫെക്ഷനെക്കാളും ഇത് നീണ്ടുനിൽക്കുകയും ചെയ്‌തേക്കാം. ആൾക്കൂട്ടങ്ങൾ ഉള്ളയിടങ്ങളിൽ രോഗവ്യാപന സാധ്യത വളരെക്കൂടുതലാണ്.