സ്തനാര്‍ബുദത്തോടുള്ള പോരാട്ടത്തിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് നടി ഹിനാ ഖാന്‍. കീമോ ചെയ്യുന്നതിന് മുമ്പായി സ്വന്തം മുടി മുറിച്ച് വിഗ് ഉണ്ടാക്കിയും, ചികിത്സയുടെ ബുദ്ധിമുട്ടുകളും പ്രതീക്ഷകളും ആരാധകരുമായി പങ്കുവെച്ചും സമാന സാഹചര്യങ്ങളീലൂടെ കടന്നുപോകുന്നവരില്‍ പ്രചോദനമാകാന്‍ താരം എപ്പോഴും ശ്രമിച്ചുപോരുന്നു. ഇപ്പോഴിതാ, ചികിത്സയുടെ ഇടവേളയില്‍ മാലിദ്വീപില്‍ അവധിയാഘോഷിക്കുകയാണ് താരം. ഫ്ലോറല്‍ ഔട്ട്ഫിറ്റില്‍ ഒരു കുട്ടിയെ മാറോട് ചേര്‍ത്തുകൊണ്ടുള്ള ഹിനയുടെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. കുടുംബത്തിലെ എല്ലാ കുഞ്ഞുങ്ങളും എന്റെ മടിത്തട്ടില്‍ ആശ്വാസം കണ്ടെത്താറുണ്ട് എന്ന് തുടങ്ങുന്ന കുറിപ്പും താരം വീഡിയോക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്. രോഗത്തിന്റെ പിടിയില്‍നിന്നും താരത്തിന്റെ മടങ്ങിവരവിലുള്ള സന്തോഷം ആരാധകരും പങ്കുവെച്ചു. പ്രമുഖ റിയാലിറ്റി ഷോയിലൂടെയാണ് ഹിനാ ഖാന്‍ പ്രേക്ഷകശ്രദ്ധ നേടിയത്.