അമേരിക്കയിൽ അമീബിക് അണുബാധ മൂലം 23-കാരിക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ട്

അമേരിക്കയിൽ അമീബിക് അണുബാധ മൂലം 23-കാരിക്ക് കാഴ്ച നഷ്ടമായതായി റിപ്പോർട്ട്. ബ്രൂക്ക്‌ലിൻ എന്ന യുവതിക്കാണ് ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായത്. നീന്തലിനിടെയാണ് യുവതിയുടെ ശരീരത്തിൽ അമീബ പ്രവേശിച്ചതെന്നാണ് വിലയിരുത്തൽ. നീന്തുമ്പോൾ യുവതി കോൺടാക്ട് ലെൻസ് വെച്ചിരുന്നു. ഇതാണ് അണുബാധയ്ക്ക് ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. നിലവിൽ യുവതി ചികിത്സയിൽ തുടരുകയാണ്. മറ്റ് അണുബാധകളോട് ഇതിന് സാമ്യമുണ്ടായതിനാൽ ആദ്യ ഘട്ടത്തിൽ തുള്ളിമരുന്നുകൾ ഉപയോഗിച്ചിരുന്നുവെന്ന് യുവതി വ്യക്തമാക്കി. എന്നാൽ രോഗാവസ്ഥ തിരിച്ചറിയാൻ വൈകിയതാണ് സാഹചര്യം സങ്കീർണമാക്കിയത്. ജീവിതത്തിൽ ഇതുവരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വലിയ വേദനയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്. വലതുകണ്ണിന്റെ കാഴ്ച പൂർണമായും നഷ്ട്ടമായതായി യുവതി കൂട്ടിച്ചേർത്തു. വേദനയുടെയും കാഴ്ച നഷ്ടപ്പെട്ടതിന്റേയും കാരണം തേടി വിവിധ നേത്രരോഗ വിദഗ്ധരെ സമീപിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ അകാന്തമീബ കെരാറ്റിറ്റിസ് ആണെന്ന് ഡോക്ടർമാർ കണ്ടെത്തി. പൂർണമായും കാഴ്ച നഷ്ടമാകാൻ സാധ്യതയുണ്ടെന്നും വേഗത്തിൽ ചികിത്സിച്ചില്ലെങ്കിൽ കണ്ണ് നഷ്ടപ്പെടുമെന്ന് ഡോക്ടർമാർ അറിയിച്ചതായും യുവതി കൂട്ടിച്ചേർത്തു.