അഞ്ചേരി ബേബി വധക്കേസ്: വി.എസിന് പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദയെന്ന് മണി

    തിരുവനന്തപുരം: അഞ്ചേരി ബേബി വധക്കേസില്‍ പ്രതിയായ തന്നെ മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് കത്തയച്ച മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദനെതിരെവിമര്‍ശനവുമായി വൈദ്യുതി മന്ത്രി എം.എം മണി രംഗത്ത്. വി.എസിന്റെ കത്തിന് മറുപടി പറയുന്നത് അന്തസിന് ചേര്‍ന്നതല്ലെന്നും ത്യാഗത്തിന്റെ പേര് പറഞ്ഞ് താന്‍ പിച്ചച്ചട്ടിയുമായി നടക്കാറില്ലെന്നും മണി പറഞ്ഞു. അഞ്ചേരി ബേബി കൊല്ലപ്പെടുമ്പോള്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന വി.എസിന് അതില്‍ പങ്കുണ്ടെന്ന് പറയാത്തത് തന്റെ മര്യാദ കൊണ്ടാണെന്നും മണി വ്യക്തമാക്കി. മാതൃഭൂമി ന്യൂസില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

    ത്യാഗത്തിന്റെ കഥ പറഞ്ഞ് തന്നെ ആരും ഇരുത്താന്‍ നോക്കേണ്ട. താനുമേറെ ത്യാഗങ്ങള്‍ സഹിച്ചിട്ടുണ്ടെന്നും മണി പറയുന്നു. അഞ്ചേരി ബേബി വധക്കേസില്‍ തനിക്ക് പങ്കില്ല. സംഭവം നടക്കുന്ന സമയത്ത് താന്‍ മിഡ്നാപ്പൂരിലായിരുന്നു. മുപ്പത്തി നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഭവിച്ച കാര്യത്തെ കുറിച്ച് താന്‍ ഭയപ്പെടുന്നില്ല. തന്നെ മന്ത്രിസ്ഥാനത്തു നിന്ന് മാറ്റുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അദ്ദേഹം പറഞ്ഞു.

    വിവാദ പ്രസംഗത്തിന്റെ പേരില്‍ തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കി സംസ്ഥാന കമ്മറ്റിയില്‍ നിന്ന് സസ്പെന്‍ഡു ചെയ്യുകയും ചെയ്തു ഈ സംഭവത്തില്‍ ഇങ്ങനെ രണ്ട് തവണ പാര്‍ട്ടി നടപടിക്ക് വിധേയനായി. ഒരു കുറ്റത്തിന് രണ്ട് വര്‍ഷം ശിക്ഷയുണ്ടോയെന്നും മണി ചോദിക്കുന്നു.