കോവിഡുകാലത്ത് ശ്രദ്ധേയമായ ഇ-സഞ്ജീവനി ടെലികൺസൽട്ടേഷന്റെ പ്രവർത്തനം വ്യാപകമാക്കാൻ ഒരുങ്ങി സംസ്ഥാനം. നിലവിൽ സഞ്ജീവനി ആപ്പ് വഴിയോ സൈറ്റ് വഴിയോ രോഗി ഡോക്ടറെ കാണുന്ന രീതിയായിരുന്നു. ഇനിമുതൽ സബ്ബ് സെന്ററുകൾ കേന്ദ്രീകരിച്ചും ഈ പ്രവർത്തനം നടക്കും. പ്രാഥമിക ആരോഗ്യകേന്ദ്രത്തിനും താഴെയുള്ള സബ്ബ് സെന്ററുകളിൽ ഇതിനായി മിഡിൽ ലെവൽ സർവീസ് പ്രൊവൈഡർ എന്ന ജീവനക്കാരനെ നിയമിച്ചു. ഈ ജീവനക്കാരനോ-ജീവനക്കാരിക്കോ ടാബും ഇന്റർനെറ്റ് സൗകര്യവും നൽകും. രോഗി ഇവിടെവന്ന് വിവരം പറഞ്ഞാൽ അവർ ടെലികൺസൽട്ടേഷന് വീഡിയോകോൾ വഴി സൗകര്യം ഉണ്ടാക്കും. ചെറിയ രോഗങ്ങളെങ്കിൽ ഡോക്ടർ ജീവനക്കാരന് കുറിപ്പടി അയച്ച് കൊടുത്ത് രോഗിക്ക് കൈമാറും. വിദഗ്ധചികിത്സ ആവശ്യമുള്ള ആളെന്ന് ഡോക്ടർ വിലയിരുത്തിയാൽ രോഗിയെ ഉയർന്ന ആശുപത്രിയിലേക്ക് വിടും. റഫറൻസ് ലെറ്ററും ഡോക്ടർ അയച്ച് കൊടുക്കും. എല്ലാ രോഗികളും താലൂക്ക്, ജില്ലാ, മെഡിക്കൽ കോളേജുകളിലേക്ക് നേരിട്ട് എത്തുന്നത് വലിയ തിരക്കും അസൗകര്യവും ഉണ്ടാക്കുന്നു. ഈ രീതി വന്നാൽ അത് ഒഴിവാക്കാം. ഗ്രാമപ്രദേശങ്ങളിൽ സ്മാർട്ട് ഫോൺ ഒന്നുമില്ലാത്ത പാവപ്പെട്ട ആളുകൾക്കും ടെലികൺസൽട്ടേഷന്റെ ഗുണം കിട്ടുമെന്നതാണ് മറ്റൊന്ന്. കോവിഡ് കാലത്ത് തുടങ്ങിയ ഇ-സഞ്ജീവനി ചികിത്സ കേരളം സ്വീകരിച്ച നല്ല മാതൃകയായിരുന്നു. കേന്ദ്രസർക്കാരും ഇതിന് പ്രോത്സാഹനമേകി. പദ്ധതി വിപുലീകരണത്തിനും കേന്ദ്രസഹായമുണ്ടാകുമെന്നാണ് വിവരം.