അത്യാവശ്യഘട്ടങ്ങളിൽ ചികിത്സയ്ക്ക് ഏറെ ആശ്വാസമാവുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യയോജന ഇൻഷുറൻസ് പദ്ധതി. എന്നാൽ, പാവപ്പെട്ടവർക്ക് സഹായം നൽകാനുള്ള പദ്ധതി ഇപ്പോൾ രോഗികൾക്ക് ദുരിതമാവുകയാണ് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ. രജിസ്റ്റർചെയ്യേണ്ട വെബ്‌സൈറ്റ് ഇടയ്ക്കിടെ സ്തംഭിക്കുന്നതാണ് രോഗികൾക്ക് പ്രയാസം സൃഷ്ടിക്കുന്നത്. ഇതുകാരണം അഞ്ചും ആറും തവണയാണ് രോഗികൾ ആശുപത്രികൾ കയറിയിറങ്ങേണ്ടിവരുന്നത്. ചികിത്സ വേണ്ടവർ, ചികിത്സതേടുന്ന ആശുപത്രിയിൽത്തന്നെ നേരിട്ടെത്തി വിരലടയാളം പതിപ്പിച്ച് അംഗത്വമെടുക്കണമെന്നതാണ് പദ്ധതിയുടെ നിബന്ധന എന്നിരിക്കെ, പ്രായമായ രോഗികൾക്ക് ഇതൊരു വെല്ലുവിളി ആകുകയാണ്. വെബ്‌സൈറ്റ് പ്രശ്നമായതുകൊണ്ട് ആശുപത്രികൾക്കും ഒന്നുംചെയ്യാനാവില്ല എന്നാണ് വിവരം. സമീപത്തെ ആശുപത്രികളിലോ അക്ഷയകേന്ദ്രങ്ങളിലോ രജിസ്‌ട്രേഷന് സർക്കാർ അനുമതി നൽകിയാലേ ദുരിതത്തിന് പരിഹാരമാവൂ എന്നാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്.