രണ്ട് നേരം ബ്രഷ് ചെയ്തിട്ടും വായ്നാറ്റം ഉണ്ടോ ?

രണ്ട് നേരം ബ്രഷ് ചെയ്തിട്ടും നിങ്ങൾക്ക് വായ്നാറ്റം ഉണ്ടോ ? എങ്കിൽ നിങ്ങൾ ബ്രഷ് ചെയ്യുന്ന രീതിയിൽ ചിലത് ശ്രദ്ധിക്കാനുണ്ട്. വായ്നാറ്റം മാറാൻ പല്ലുതേക്കുക മാത്രമല്ല ചെയ്യേണ്ടത് ഫ്ളോസിംഗ് അതായത് പല്ലുകൾക്ക് ഇടയിലുള്ള ഭാഗം വൃത്തിയാക്കൽ, നാവ് വടിക്കൽ എന്നിവ എല്ലാം നിർബന്ധമായും ചെയ്യണം. ഇതെല്ലാം ചെയ്തിട്ടും വായ്‍നാറ്റം മാറുന്നില്ലെങ്കിൽ ആരോഗ്യപ്രശ്നങ്ങൾ എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കണം. ഒപ്പം പുകവലി പോലുള്ള ശീലങ്ങൾ നിർബന്ധമായും ഉപേക്ഷിക്കണം. ചിലർക്ക് ഡ്രൈ മൗത്ത് അഥവാ ഉമിനീർ കുറവ് ഉത്പാദിപ്പിക്കപ്പെടുന്നതിൻറെ ഭാഗമായിട്ടാകാം വായ്‍നാറ്റമുണ്ടാകുന്നത്. ചിലർക്ക് ചില മരുന്നുകളുടെ ഉപയോഗമാകാം പ്രശ്നമായി വരുന്നത്. ചില ഭക്ഷണങ്ങളും വായ്‍നാറ്റമുണ്ടാക്കാം. അത് പക്ഷേ പെട്ടെന്ന് തിരിച്ചറിയാവുന്നതും പരിഹരിക്കാവുന്നതുമാണ്. ചിലർക്ക് മോണരോഗം ആകാം വായ്‍നാറ്റത്തിന് കാരണമാകുന്നത്. അതുപോലെ ശ്വാസകോശസംബന്ധമായ രോഗങ്ങളും വായ്‍നാറ്റത്തിന് കാരണമാകാറുണ്ട്. ദഹനപ്രശ്നങ്ങളും വായ്നാറ്റമുണ്ടാക്കാം. ഇത് വയറ്റിനകത്ത് നിന്ന് തന്നെ പുറപ്പെടുന്ന ദുർഗന്ധമാണ്. നല്ലതുപോലെ ദിവസം മുഴുവൻ വെള്ളം കുടിക്കുക, ആരോഗ്യകരമായ ഭക്ഷണശീലം, നേരത്തേ സൂചിപ്പിച്ചത് പോലെ പുകവലി പോലുള്ള ലഹരി ഉപയോഗം ഒഴിവാക്കുക, ഫ്ളൂറൈഡ് ടൂത്ത്പേസ്റ്റ് ഉപയോഗിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം ആർക്കും ചെയ്യാവുന്നതാണ്. കഴിയുന്നതും കൃത്യമായ ഇടവേളകളിൽ ഡ‍െൻറിസ്റ്റിനെ കാണുന്നത് വളരെ നല്ലതാണ്. മോണരോഗം, വായ്നാറ്റത്തിന് കാരണമാകുന്ന മറ്റ് രോഗങ്ങൾ എന്നിവ നിർണയിക്കുന്നതിന് ഡോക്ടറുടെ സഹായം കൂടിയേ തീരൂ. ഇത്തരത്തിലുള്ള രോഗങ്ങൾ കണ്ടെത്തിയാൽ അതിന് കൃത്യമായ ചികിത്സ തേടുകയും വേണം.

കൂടുതൽ ഹെൽത്ത് ടിപ്സിനായി ഡോക്ടർലൈവ് ഒന്ന് follow ചെയ്തേക്കെ.